മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

എ.കെ.ആന്റണി മന്ത്രിസഭയിൽ 1995 മെയ് 03 മുതൽ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 2006 ജനുവരി 14 ന് രാജിവെച്ചു. മൂന്ന് തവണ ബത്തേരിയിൽ നിന്നും മൂന്ന് തവണ കൽപ്പറ്റയിൽ നിന്നും എംഎൽഎ ആയി. ഒരു തവണ തോറ്റു. കോഴിക്കോട് റൂറൽ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയിൽ സ്കൂൾ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവൻ സമയ പൊതു പ്രവർത്തനത്തിലേക്ക് കടന്നത്.

വയനാട്ടിൽ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല. കക്കോടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment