വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ്; രണ്ടാമത്തെ ഡോസ് നിര്‍ബന്ധമായും എടുക്കണം

വാക്‌സീന്‍ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്കയിലെ നഴ്‌സിന് കോവിഡ് ബാധിച്ചു. ഫൈസറിന്റെ വാക്‌സീന്‍ ലഭിച്ച് ഒരാഴ്ച തികയും മുന്‍പാണ് 45 കാരനായ നഴ്‌സ് മാത്യു ഡബ്യു കോവിഡ് പോസിറ്റീവായത്.

ഡിസംബര്‍ 18നാണ് ഈ നഴ്‌സിന് കോവിഡ് പ്രതിരോധ വാക്‌സീന്റെ ആദ്യ ഡോസ് ലഭിച്ചത്. കയ്യില്‍ കുത്തിവയ്പ്പ് എടുത്ത ഇടത്ത് ചെറുതായി പഴുത്തു എന്നല്ലാതെ വേറെ കാര്യമായ പാര്‍ശ്വ ഫലമൊന്നും മാത്യുവിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്മസ് തലേന്ന് കോവിഡ്19 യൂണിറ്റിലെ തന്റെ ഷിഫ്റ്റ് കഴിഞ്ഞപ്പോള്‍ മാത്യുവിന് ഒരു വല്ലായ്മ തോന്നി.

പേശീ വേദന, ക്ഷീണം, കുളിര് പോലുള്ള ലക്ഷണങ്ങള്‍ പിന്നാലെ പ്രകടമായി. പരിശോധനയുടെ ഫലം ക്രിസ്മസ് ദിവസമെത്തി; മാത്യു കോവിഡ് പോസിറ്റീവ്.

വാക്‌സീന്‍ എടുത്ത ശേഷം കൊറോണ വൈറസിനെതിരെ ശരീരത്തിലെ പ്രതിരോധം വളരാന്‍ 10 മുതല്‍ 14 ദിവസം വരെ എടുക്കും. ആദ്യ ഡോസിന് ശേഷം 50 ശതമാനം പ്രതിരോധമേ ഉണ്ടായെന്ന് വരൂ. രണ്ടാമത്തെ ഡോസ് കൂടി കഴിഞ്ഞാല്‍ മാത്രമേ 95 ശതമാനത്തിലേക്ക് വാക്‌സീന്‍ സംരക്ഷണം എത്തുകയുള്ളൂ എന്ന് പകര്‍ച്ച വ്യാധി വിദഗ്ധര്‍ പറയുന്നു.

രണ്ടാമത്തെ ഡോസ് എടുക്കാനും ശരീരത്തില്‍ പ്രതിരോധം വളരാനുമുള്ള സാവകാശം മാത്യുവിന് ലഭിക്കാത്തതിനാലാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് കരുതുന്നത്. ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സീന്‍ പരീക്ഷണ ഡോസ് എടുത്ത് രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് ഇതേ പോലെ കോവിഡ് പോസിറ്റീവ് ആയിരുന്നു.

pathram:
Leave a Comment