പന്തളത്തെ തോല്‍വി കടുത്ത നടപടികളുമായി സിപിഎം; ഏരിയ സെക്രട്ടറിയെ മാറ്റി

പത്തനംതിട്ട: പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്ടത്തില്‍ കടുത്ത നടപടികളുമായി സിപിഎം. ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹര്‍ഷ കുമാറിന് പകരം ചുമതല നല്‍കി. സിപിഎം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം.

സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍. പ്രചാരണത്തില്‍ പോരായ്മകളുണ്ടായി. ഭൂരിപക്ഷ സമുദായ ധ്രുവീകരണം മുന്നേ കണ്ടെത്തി പരിഹാരം കാണുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും വിലയിരുത്തി.

നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനേയും നീക്കി. 2015ല്‍ 15 സീറ്റുകളോടെ പന്തളം നഗരസഭയില്‍ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്.

പാലാക്കാടിന് ശേഷം ബിജെപി അധികാരം നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം. ബിജെപിയുടെ ജയം സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയതോടെയാണ് കടുത്ത നടപടികളിലേക്ക് സിപിഎം കടന്നത്.

pathram:
Leave a Comment