രണ്ടുവാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചത് ; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നം നിറവേറ്റാനുളള ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ അഭിനിവേശമാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കോവിഡ് 19 നെതിരായ ശക്തമായ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാണിത്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ വാക്‌സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കുന്നത് ആരോഗ്യകരവും കോവിഡ് രഹിതവുമായ രാജ്യത്തിലേക്ക് യാത്ര വേഗത്തിലാക്കാന്‍ സഹായിക്കും. അഭിനന്ദനങ്ങള്‍. നമ്മുടെ കഠിനാധ്വാനികളായ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനങ്ങള്‍.

വളരെ പ്രതികൂലമായ സാഹചര്യത്തില്‍ വിശിഷ്ടസേവനം നിര്‍വഹിച്ച ഡോക്ടര്‍മാരോടും, ആരോഗ്യപ്രവര്‍ത്തരോടും, ശാസ്ത്രജ്ഞരോടും, പോലീസ് ഉദ്യോഗസ്ഥരോടും, ശുചീകരണ തൊഴിലാളുകളോടും മറ്റുളള കോവിഡ് മുന്നണിപ്പോരാളികളോടെല്ലാമുളള കൃതജ്ഞത ഞങ്ങള്‍ വീണ്ടും വീണ്ടും രേഖപ്പെടുത്തുകയാണ്. നിരവധി ജീവനുകള്‍ കാത്തുരക്ഷിച്ച അവരോട് നമ്മള്‍ എല്ലായ്‌പ്പോഴും കടപ്പെട്ടിരിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു

pathram:
Leave a Comment