ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യ രണ്ടാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയ സിഡ്നിയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇതോടെ, പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചു. ഓസ്ട്രേലിയൻ നിരയിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ടീമിൽ തിരിച്ചെത്തി. മാർക്കസ് സ്റ്റോയ്നിസിന് പകരമാണ് ഫിഞ്ചിന്റെ വരവ്.
ഇന്ത്യ: ശിഖർ ധവാൻ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വിരാട് കോലി (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, ടി.നടരാജൻ, യുസ്‌വേന്ദ്ര ചെഹൽ.
ഓസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), സ്റ്റീവ് സ്മിത്ത്, ഡാർസി ഷോർട്ട്, മോയ്സസ് ഹെൻറിക്വസ്, ഗ്ലെൻ മാക്സ്‌വെൽ, ഡാനിയൽ സാംസ്, സീൻ ആബട്ട്, ആൻഡ്രൂ ടൈ, മിച്ചൽ സ്വെപ്സൺ, ആദം സാംപ.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും, ഒരുപിടി റെക്കോർഡുകളിൽ കണ്ണുവച്ചാണ് ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുന്നത്. ട്വന്റി20 ക്രിക്കറ്റിൽ തുടർ വിജയങ്ങളുടെ റെക്കോർഡ് 11–ാം മത്സരത്തിലേക്ക് നീട്ടുന്നതിനൊപ്പം, ഈ വർഷം ട്വന്റി20യിൽ തോൽവിയറിയാതെ പൂർത്തിയാക്കുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. മത്സരത്തിന് പരമാവധി കാണികളെ കയറ്റാൻ തീരുമാനിച്ചതോടെ, ഗാലറിയിൽ ഇന്ന് ആവേശം നുരയുമെന്ന് ഉറപ്പ്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തേതന്നെ വിറ്റുപോയിക്കഴിഞ്ഞു.
Leave a Comment