നാണക്കേട് ഒഴിവാക്കാന്‍ ഓസീസ്; ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. ഉച്ചയ്ക്ക് 1.40 ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ ഓസിസിനെ നേരിടുക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളും വിജയിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം അവസരം നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആധികാരികമായി തന്നെയാണ് ടീം വിജയിച്ചുകയറിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാനുമായി.

സിഡ്നിയില്‍ ഇതുവരെ ഇന്ത്യ ഓസിസിനോട് ട്വന്റി 20 മത്സരത്തില്‍ പരാജയപ്പെട്ടിട്ടില്ല. ഇതുവരെ നടന്ന മൂന്നുമത്സരങ്ങളിലും ഇന്ത്യയ്ക്കൊപ്പമാണ് വിജയം നിന്നത്.

മറുവശത്ത് പരമ്പര നഷ്ടപ്പെട്ടതിന്റെ നാണക്കേട് ഒഴിവാക്കാന്‍ അവസാനമത്സരത്തില്‍ വിജയം സ്വപ്നം കണ്ടാണ് ഓസിസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 11 റണ്‍സിന് പരാജയപ്പെട്ട ഓസ്ട്രേലിയയെ ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറുവിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അടക്കം പ്രമുഖതാരങ്ങള്‍ക്ക് പരിക്കേറ്റത് ഓസ്ട്രേലിയക്ക് തിരിച്ചടിയാണ്. എങ്കിലും മൂന്നാം മത്സരം ജയിച്ച് മുഖംരക്ഷിക്കാന്‍ ആതിഥേയര്‍ എല്ലാ ശ്രമവും നടത്തും. ഏകദിന പരമ്പര നഷ്ടപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് കോലിയും സംഘവും ട്വന്റി 20 യില്‍ പുറത്തെടുത്തത്. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ടീം ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുക.

ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 21 തവണ ട്വന്റി 20യില്‍ ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയാണ് വിജയം സ്വന്തമാക്കിയത്. എട്ടുതവണ ഓസിസ് വിജയം നേടി. നിലവില്‍ ഐ.സി.സി റാങ്കിങ് പട്ടികയില്‍ ഇന്ത്യ മൂന്നാമതും ഓസിസ് രണ്ടാമതുമാണ്.

FOLLOW US pathramonline

pathram:
Related Post
Leave a Comment