2–ാം ട്വന്റി20; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു

സിഡ്നി ∙ ആദ്യ മത്സരത്തിൽ യുസ്‌വേന്ദ്ര ചെഹലിന്റെയും ടി.നടരാജന്റെയും മികച്ച ബോളിങ് പ്രകടനത്തിലൂടെ നേടിയ ജയം ആവർത്തിക്കാനുറച്ച് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ഇന്നു 2–ാം ട്വന്റി20ക്ക്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ മൂന്നു മാറ്റം വരുത്തി. പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്‌വേന്ദ്ര ചെഹലും മുഹമ്മദ് ഷമിക്കു പകരം ഷാർദുൽ താക്കൂറും, മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരും കളിക്കും.

ഓസ്‌ട്രേലിയന്‍ നിരയിലും മൂന്നു മാറ്റമുണ്ട്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് വിശ്രമം അനുവദിച്ചതോടെ മാത്യു വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ഫിഞ്ച്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കുപകരം ഡാനിയല്‍ സാംസ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആന്‍ഡ്രൂ ടൈ എന്നിവര്‍ കളിക്കും. ഡാനിയല്‍ സാംസിന് ഇന്ന് അരങ്ങേറ്റ മത്സരമാണ്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ടി.നടരാജന്‍, യുസ്വേന്ദ്ര ചെഹല്‍, ഷാര്‍ദുല്‍ താക്കൂര്‍

ഓസ്‌ട്രേലിയന്‍ ടീം: ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, സ്റ്റീവ് സ്മിത്ത്, മോയ്‌സസ് ഹെന്റിക്വസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, ഡാനിയല്‍ സാംസ്, ആന്‍ഡ്രൂ ടൈ, മിച്ചല്‍ സ്വെപ്‌സണ്‍, ആദം സാപ

വേദിമാറ്റം ഇന്ത്യയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും വേദിയായത് സിഡ്‌നിയായിരുന്നു. പിന്നീട് കാന്‍ബറയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യ പരമ്പരയിലെ ഒരേയൊരു ജയം നേടിയത്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനും വേദിയായത് കാന്‍ബറ തന്നെ. ഇന്ത്യ ജയിക്കുകയും ചെയ്തു. ക്രിക്കറ്റ് ആവേശം സിഡ്‌നിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇന്ത്യയ്ക്ക് വിജയവഴിയില്‍ തുടരാനാകുമോ എന്ന ചോദ്യം ബാക്കി.

ബാറ്റിങ് നിരയില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള പ്രകടനമാകും ക്യാപ്റ്റന്‍ വിരാട് കോലി ആഗ്രഹിക്കുന്നത്. ഒന്നാം ട്വന്റി20യില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ഒരവസരംകൂടി ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ക്കൂടി മികച്ച തുടക്കം ലഭിച്ച സഞ്ജു, അത് മുതലാക്കാനാകാതെ പുറത്താകുകയായിരുന്നു. 15 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം 23 റണ്‍സെടുത്തായിരുന്നു മടക്കം. പിന്നീട് മത്സരഫലത്തെ സ്വാധീനിച്ചൊരു ഉജ്വല ക്യാച്ചും സഞ്ജു സ്വന്തമാക്കി. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനായിരുന്നു സഞ്ജുവിന്റെ കിടിലന്‍ ക്യാച്ച്.

ഒന്നാം ട്വന്റി20യില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിക്കു പുറമെ ഓപ്പണര്‍ ശിഖര്‍ ധവാനും മനീഷ് പാണ്ഡെയുമാണ്. ഇതില്‍ പാണ്ഡെയ്ക്കു പകരം അയ്യര്‍ ടീമിലെത്തി.

ബോളിങ്ങില്‍ അരങ്ങേറ്റ മത്സരത്തില്‍ ടി.നടരാജന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് സന്തുഷ്ടരാണ്. മുഖ്യ പേസ് ബോളര്‍ ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായി. ഒന്നാം ട്വന്റി20യില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തിയ യുസ്വേന്ദ്ര ചെഹലിന്റെ ബോളിങ് പ്രകടനവും നിര്‍ണായകമായി. ഇന്ന് ചെഹല്‍ കളിക്കുന്നുണ്ട്. അതേസമയം, മൂന്നാം ഏകദിനത്തിലും ഒന്നാം ട്വന്റി20യിലും ബാറ്റുകൊണ്ട് ഇന്ത്യയെ താങ്ങിയ ജഡേജ പരുക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. ജഡേജയ്ക്ക് പകരം ടീമിലെത്തിയ ഷാര്‍ദുല്‍ താക്കൂര്‍ ഇന്ന് കളിക്കും. മുഹമ്മദ് ഷമിക്കു പകരമാണിത്.

pathram:
Related Post
Leave a Comment