വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാല്ല

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകില്ലെന്ന സൂചനകളാണു ലഭിക്കുന്നത്. വിളകളുടെ താങ്ങുവില തുടരുമെന്ന ഉറപ്പ് കര്‍ഷക സംഘടനകള്‍ക്കു നല്‍കും. കര്‍ഷക വിഷയത്തില്‍ ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ വസതിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കര്‍ഷകര്‍ ഈ ഉപാധികള്‍ അംഗീകരിക്കാനുള്ള സാധ്യത കുറവാണ്. രേഖാമൂലമുള്ള ഉറപ്പിനെക്കാള്‍ നിയമനിര്‍മാണം ആവശ്യമെങ്കില്‍ അതിനും കേന്ദ്രം തയാറാകുമെന്നാണ് സൂചന. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാകും തുടര്‍ ചര്‍ച്ചകള്‍ നടക്കുക.

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ നിലപാട് എടുത്തെങ്കിലും കര്‍ഷക സംഘടനകളുമായി ചര്‍ച്ചകള്‍ തുടരാന്‍ തന്നെയാണ് കേന്ദ്ര തീരുമാനം. മറ്റു സംഘടനകളിലെയും പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്നു സര്‍ക്കാര്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് മൂന്നിനുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹി വിഗ്യാന്‍ ഭവനിലേക്കു വരാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. എല്ലാ സംഘടനാ നേതാക്കളെയും യോഗത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കാനാണ് തീരുമാനം.

കര്‍ഷകര്‍ക്കു വരുമാനം വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളാണു നിയമങ്ങളിലുള്ളതെന്നും ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നുമുള്ള നിലപാട് തന്നെയാകും ചര്‍ച്ചയിലും കേന്ദ്രം ആവര്‍ത്തിക്കുക. തെറ്റിദ്ധാരണകളുടെ പുറത്താണ് കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ നീങ്ങുന്നതെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ചത്. രാജ്യത്തെവിടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കര്‍ഷകര്‍ക്കു ഗുണകരമാണെന്ന നിലപാടില്‍ തന്നെ കേന്ദ്രം ഉറച്ചു നില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ വഴങ്ങാന്‍ സാധ്യതയില്ല.

കാര്‍ഷിക വിളകളുടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചാരണം വെറുതെയാണെന്നും സര്‍ക്കാര്‍, ഫുഡ് കോര്‍പറേഷന്‍ എന്നിവ വഴിയുള്ള വിള സംഭരണം അവസാനിക്കില്ലെന്നും കേന്ദ്രം ഉറപ്പു നല്‍കുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ, കുത്തകക്കമ്പനികള്‍ വില്‍പന ശൃംഖല കയ്യേറാന്‍ വഴിയൊരുങ്ങുമെന്നുള്ളത് പ്രധാന ആശങ്കയായി കര്‍ഷകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷകരുമായി ബന്ധപ്പെടുത്തി മൂന്ന് പ്രധാന ബില്ലുകളാണ് സര്‍ക്കാര്‍ സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്ല്, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യ വസ്തുക്കളുടെ (ഭേദഗതി) ബില്‍ എന്നിവ.

സാധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെയാണ് കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനങ്ങളെല്ലാം ബില്ലിനെതിരെ നടത്തിയ ശക്തമായ പ്രതിഷേധം വകവയ്ക്കാതെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം

Similar Articles

Comments

Advertismentspot_img

Most Popular