കുഞ്ഞുകുട്ടിയുടെ കുഞ്ഞാഗ്രഹം..!!! ‘അന്ന’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു…

കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ഹ്രസ്വ ചിത്രം ‘അന്ന’ ശ്രദ്ധേയമാകുന്നു. ഒരു കുഞ്ഞു പെൺകുട്ടിയുടെ കുഞ്ഞു ആഗ്രഹത്തെക്കുറിച്ചുള്ളതാണ് ഷോർട്ട് ഫിലിം. നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായിരുന്ന, പേടിച്ചു പറയാൻ ബാക്കി വെച്ച, നടക്കാതെ പോയ നമ്മുടെയൊക്കെ കുഞ്ഞു വലിയ ആഗ്രഹങ്ങളെ ഓർത്തെടുക്കാൻ അന്ന ഒരു കാരണം തന്നെയാണ്.

അന്ന ഒരു അനുഭവം ആണ്, പ്രതീക്ഷയാണ്, സന്തോഷമാണ്. അന്ന എന്ന കുഞ്ഞു പെൺകുട്ടിയുടെ ഒരുപാട് നാളത്തെ ഒരു കുഞ്ഞു ആഗ്രഹം, അത് നടത്തിതരുവാൻ അന്ന തനിക്ക് പ്രിയപ്പെട്ടവരോടെല്ലാം പറയുന്നു. പക്ഷേ സ്കൂൾ അടക്കുന്ന അവസാനദിവസമായിട്ടും അത് അന്നയ്ക്ക് സാധിച്ചു നൽകാൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെ പ്രതീക്ഷകൾ ഇല്ലാതെ അന്ന അവസാന ദിവസം സ്കൂളിലേക്ക് പോകുന്നു. സ്കൂൾ വിട്ടു തിരികെ പോരുവാൻ നേരം, നമുക്ക് സത്യസന്ധമായ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിത്തരുവാൻ ഈ ലോകം മുഴുവൻ നമ്മളോട് കൂടെ ചേർന്ന് നിൽക്കുമെന്ന പോലെ അന്നയുടെ കുഞ്ഞ്‌ മനസിലെ ആ വലിയ ആഗ്രഹം സാധ്യമാകുന്നു. ചുരുക്കി പറഞ്ഞാൽ ഇതാണ് അന്ന.

ഗുഡ്‌വിൽ എന്‍റർടെയിൻമെന്‍റ്സ് പുറത്തിറക്കിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ സജീന്ദ്രനാണ്. അജയ് വർഗീസും അനന്ദു മനോഹറും ചേർന്ന് തിരക്കഥ രചിച്ചരിക്കുന്നു. 10 മിനിറ്റ് മാത്രമാണ് അന്നയുടെ ദൈർഘ്യം. അരുൺ എബ്രഹാം ആണ് സിനിമയുടെ അസോസിയേറ്റ് ഡയറക്റ്റർ. അരുൺ ഈ സിനിമയിൽ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്. സനൂപ് ബാലകൃഷ്ണനാണ് ഛായാഗ്രഹണം. അഖിൽ വിജയാണ് മനോഹരമായ പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും ഒരുക്കിയിരിക്കുന്നത്.

വിഎഫ്എക്സ് ദൃശ്യങ്ങൾ ഒരുക്കിയത് തൗഫീഖ്, മൃദുൽ എന്നിവരാണ്. ജിയ ഇമ്രാൻ എന്ന കൊച്ചു മിടുക്കിയാണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിയയോടൊപ്പം മെറിസ്സ, ചിന്നു, എൽഡ, എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കൾ ഹ്രസ്വചിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു.

pathram desk 2:
Related Post
Leave a Comment