കോവിഡ്: വാക്‌സിന്‍ വന്നാലും രക്ഷയില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാക്‌സിന്റെ വരവോടുകൂടി കൊവിഡ് 19 ഇല്ലാതാകില്ലെന്നുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നാം അവലംബിക്കുന്ന വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാര്‍ഗമെന്നോണം വാക്‌സിന്‍ കൂടി ഉള്‍ച്ചേരും. എന്നാല്‍ അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തില്‍ തുടച്ചുനീക്കാമെന്ന ചിന്ത വേണ്ടെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവായിയാ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് പറയുന്നത്.

‘കൊവിഡ് പ്രതിരോധത്തിന് നമ്മുടെ പക്കല്‍ നിലവിലുള്ള ഉപാധികളുടെ കൂട്ടത്തിലേക്കാണ് വാക്‌സിനും വരുന്നത്. എന്നാല്‍ ഇപ്പറഞ്ഞ മറ്റ് ഉപാധികള്‍ക്കെല്ലാം പകരമായി നില്‍ക്കാന്‍ തല്‍ക്കാലം വാക്‌സിന് കഴിയില്ല. കൊവിഡ് 19 മഹാമാരിയെ അവസാനിപ്പിക്കാനോ പിടിച്ചുകെട്ടാനോ വാക്‌സിന്‍ കൊണ്ട് മാത്രം സാധിക്കുകയുമില്ല…’- ടെഡ്രോസ് അദനോം പറയുന്നു.

പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും ജാഗ്രത കൈവിടാതിരിക്കാന്‍ ഈ ഘട്ടത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

‘കൊവിഡ് വാക്‌സിന്‍ എത്തിയാല്‍ തന്നെ ആദ്യഘട്ടത്തില്‍ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍, മറ്റ് മാനദണ്ഡങ്ങള്‍ വച്ച് പട്ടികപ്പെടുത്തിയവര്‍ തുടങ്ങിയ വിഭാഗത്തിനാണ് വാക്‌സിന്‍ ആദ്യം നല്‍കുക. തീര്‍ച്ചയായും കൊവിഡ് മരണങ്ങള്‍ കുറയ്ക്കാനും ആരോഗ്യവകുപ്പുകള്‍ക്ക് സ്ഥിതിഗതികള്‍ നിയന്ത്രണത്തിന് കീഴിലാക്കാനും ഇത് സഹായിക്കും. എന്നാല്‍ കൊവിഡ് രോഗികളെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക, ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയ നടപടിക്രമങ്ങള്‍ ഇനിയും നാം തുടരേണ്ടതുണ്ട്…’- ടെഡ്രോസ് അദനോം ഓര്‍മ്മിപ്പിക്കുന്നു.

pathram:
Leave a Comment