തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്, ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: തന്നെ അപമാനിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന്, ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. കോടതി മുറിയില്‍ കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാല്‍പ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇതു നടന്നതെന്നും നടി ഹൈക്കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് നടിയുടെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സമാനമായ ആവശ്യം ഉന്നയിച്ച് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പല ചോദ്യങ്ങളും നടിയെ അപമാനിക്കും വിധം ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും കോടതി ഇടപെട്ടില്ല. പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് വിചാരണക്കോടതി പെരുമാറിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍്ക്കാരും നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിലെ വിസ്താരം നിര്‍ത്തിവയ്ക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പ്രതിഭാഗത്തിന് അനുകൂലമായ വിധത്തിലാണ് വിചാരണക്കോടതിയുടെ സമീപനമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടും കേസ് രേഖകള്‍ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

രഹസ്യവിചാരണ ചട്ടങ്ങള്‍ കോടതിയില്‍ ലംഘിക്കപ്പെട്ടു. ഇരയെ ക്രോസ് വിസ്താരം ചെയ്യുന്ന ഘട്ടത്തില്‍ നാല്‍പ്പതോളം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയുടെ അന്തസ്സു കെടുത്തുന്ന വിധത്തില്‍ ചോദ്യങ്ങളുണ്ടായെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment