മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റി നാലാം നിലയില്‍ എത്തിച്ചാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ യുവതി തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അന്തോളി പോലീസ് ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴിയെടുക്കുമെന്ന് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് താന്‍ ചികിത്സയ്ക്ക് എത്തിയഴെതന്ന് പരാതിക്കാരി പറഞ്ഞു. കഴിഞ്ഞ ദിവസം പിതാവും മാതാവും കൊവിഡ് രോഗികളായി എത്തി. പിതാവ് പ്രായമേറിയയാളും ഹൃദ്‌രോഗിയുമാണ്. അദ്ദേഹത്തിന് ഒന്നാം നിലയിലും തനിക്കും അമ്മയ്ക്കും മൂന്നാം നിലയിലുമാണ് മുറി നല്‍കിയിരുന്നത്. പിതാവിനെ സഹായിക്കാന്‍ അമ്മയെ കൂടി അദ്ദേഹത്തിന്റെ സമീപത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡോക്ടര്‍മാരെ കണ്ടിരുന്നു. അവര്‍ പറഞ്ഞത് അനുസരിച്ച് അവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരന് അപേക്ഷ എഴുതി നല്‍കി.

പിന്നീട് രാത്രി 10.30 ഓടെ തന്റെ മൊബൈലിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ എത്തി തുടങ്ങി. ചെയ്ത സഹായത്തിന് ഒരു നന്ദി പറഞ്ഞുകൂടെ എന്നൊക്കെയായിരുന്നു സന്ദേശം. പിന്നീട് വിളിയെത്തി. ഇതോടെ താന്‍ മൊബൈലുമായി ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ കണ്ട്് ചാറ്റുകള്‍ കാണിച്ചുകൊടുത്തു. എന്നാല്‍ അവര്‍ ഗൗരവത്തിലെടുത്തില്ല. രാത്രി 11.45 ഓടെ മുറിയിലെത്തിയ പിപിഇ കിറ്റ് ധരിച്ച ജീവനക്കാരന്‍ തന്റെ പേര് വിളിച്ചു ഡോക്ടര്‍ അന്വേഷിക്കുന്നതായി അറിയിച്ചു.

പരാതിയെ കുറിച്ച് സംസാരിക്കാനാണെന്ന് കരുതി അയാള്‍ക്കൊപ്പം പോയ തന്നെ ലിഫ്റ്റില്‍ കയറ്റി നാലാം നിലയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ അവിടെയാണെന്ന് പറഞ്ഞാണ് അവിടെയെത്തിച്ചത്. എന്നാല്‍ അത് ഉപയോഗശൂന്യമായി കിടന്ന കെട്ടിടമായിരുന്നു. വെളിച്ചവുമുണ്ടായിരുന്നില്ല. ചോദ്യം ചെയ്തതോടെ അയാള്‍ തന്നെ ലിഫ്റ്റില്‍ നിന്ന് പിടിച്ചുതള്ളി. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കടന്നുപിടിക്കുകയും ചെയ്തു. കുതറിയോടിയ താന്‍ സ്‌റ്റെപ്പ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും പഴയ മരക്കഷ്ണങ്ങള്‍ കൂട്ടിയിട്ട് ആ വഴി അടച്ചിരിക്കുകയാണെന്ന് കണ്ട് തിരികെ ലിഫ്റ്റില്‍ എത്തി താഴേക്ക് വരികയായിരുന്നുവെ്ന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇക്കാര്യം അധികൃതരോട് പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ലെന്നും ഇതോടെയാണ് ഗൂഗ്ലില്‍ നിന്ന് നമ്പര്‍ എടുത്ത് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചതെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതി നേരിട്ടോ രേഖാമൂലമോ പരാതി നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പോലീസ് അന്വേഷണം ആരംഭിച്ച നിലയ്ക്ക് ആശുപത്രി അധികൃതരും അന്വേഷണം തുടങ്ങി. അന്തോളി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുക്കും. ആശുപത്രിയില്‍ സുരക്ഷാവീഴ്ചയുണ്ടെന്നും പിന്‍വശത്തുകൂടെ ആര്‍ക്കും കടന്നുകയറാവുന്ന നിലയിലാണ് കോമ്പൗണ്ട് കിടക്കുന്നതെന്നും യുവതി പറഞ്ഞു.

pathram:
Related Post
Leave a Comment