ശബരിമലയിലേയ്ക്ക് തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി; സുഖപ്രദമായ ദര്‍ശനസംവിധാനമാണ് ലഭ്യമാകുന്നത്…

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ മുതല്‍ ശബരിമലയിലേയ്ക്ക് തീര്‍ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. ഇനി വ്രതശുദ്ധിയുടെ ശരണമന്ത്രങ്ങളുടെ നാളുകള്‍. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് ആദ്യമണിക്കൂറുകളില്‍ എത്തിച്ചേര്‍ന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്.

സെക്കന്‍ഡുകള്‍ മാത്രം ദര്‍ശനം ലഭിച്ചിരുന്ന സോപാനമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ സമയം ഭക്തര്‍ക്ക് ലഭിക്കുന്നതിനാല്‍ കൂടുതല്‍ സുഖപ്രദമായ ദര്‍ശനസംവിധാനമാണ് ഇപ്പോള്‍ ശബരിമലയില്‍ ലഭ്യമാകുന്നത്.

വെര്‍ച്വല്‍ ക്യൂ വഴി കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനസൗകര്യം അനുവദിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും വിശേഷദിവസങ്ങളില്‍ അയ്യായിരം പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കുന്നതനുസരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് ശബരിമല ധര്‍മശാസ്താക്ഷേത്രനട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകര്‍ന്നു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി പതിനെട്ടാംപടിക്ക് മുകളില്‍വെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. പിന്നീട് തന്ത്രി കണ്ഠര് രാജീവര് ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍വെച്ച് അഭിഷേകം നടത്തി അവരോധിച്ചു. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി തിരുനട അടച്ചശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി.
ഒരു വര്‍ഷത്തെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി രാത്രിതന്നെ പതിനെട്ടാംപടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങി.

pathram:
Leave a Comment