സൗജന്യ വൈഫൈ, പാസ് വേര്‍ഡ് ‘വോട്ട് ഫോര്‍ എല്‍ഡിഎഫ്..!!!’ വോട്ടർമാരെ കയ്യിലെടുക്കാൻ തന്ത്രങ്ങളൊരുക്കി മുന്നണികള്‍

തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ ന്യൂജൻ വോട്ടർമാരെ കയ്യിലെടുക്കാൻ തന്ത്രങ്ങളൊരുക്കി മുന്നണികളും. തിരഞ്ഞെടുപ്പ് പ്രചാരണാർഥം കാസര്‍ഗോഡ്‌ ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി ടൗണിൽ എൽഡിഎഫ് സൗജന്യമായി വൈഫൈ കണക്‌ഷനൊരുക്കി. ടൗണിലെ നിശ്ചിത പരിധിയിലുള്ള ആർക്കും വോട്ട് ഫോർ എൽഡിഎഫ് എന്ന പാസ്‌വേഡ് ഉപയോഗിച്ചു ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് നേതാക്കൾ അറിയിച്ചു. നവമാധ്യമ സെല്ലിന്റെ പ്രവർത്തകരായ ഒരുകൂട്ടം യുവാക്കളാണ് ഈ ആശയത്തിന്റെ പിന്നിലുള്ളത്. അതേസമയം പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും സ്ഥാനാർഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രമോഷൻ വീഡിയോകളുമായി യുഡിഎഫും, ഡിഡിഎഫും രംഗത്തുണ്ട്.

പഞ്ചായത്തിലെ വികസന നേട്ടങ്ങൾ നവമാധ്യമങ്ങളിലൂടെ ഡിഡിഎഫ് അവതരിപ്പിക്കുമ്പോൾ, പഞ്ചായത്തിലെ വികസന പിന്നാക്കാവസ്ഥ തുറന്നുകാട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ചിറ്റാരിക്കാൽ ഡിവിഷനിലും പ്രചാരണം ശക്തമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോമോൻ ജോസാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. ഡിഡിഎഫാകട്ടെ നിലവിലെ ബ്ലോക്ക് പ‍ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വേണുഗോപാലിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ഇന്നലെ മുതൽ ഇരു സ്ഥാനാർഥികളും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

pathram:
Leave a Comment