രോഹിത് അത്ര ഫോമിലല്ല, ഈ അവസരം ഡല്‍ഹി മുതലെടുക്കും, ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ കുത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണിലെ ആദ്യ ക്വാളിഫയറില്‍ വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടാനിരിക്കെ, മുംബൈ നായകന്‍ രോഹിത് ശര്‍മയെ ഉന്നമിട്ട് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍. നിലവില്‍ രോഹിത് അത്ര ഫോമിലല്ലെന്നും ഈ അവസരം ഡല്‍ഹി മുതലെടുക്കുമെന്നും ഇന്ത്യന്‍ ഏകദിന ടീമില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ശിഖര്‍ ധവാന്‍ വ്യക്തമാക്കി. ഒന്നാം ക്വാളിഫയറിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിനു യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഒരിക്കല്‍ക്കൂടി ഫൈനല്‍ ബര്‍ത്തിന് പോരടിക്കാം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മയെ തിരഞ്ഞെടുക്കാത്തതിനെച്ചൊല്ലി വിവാദം പുകയുമ്പോഴാണ്, രോഹിത് അത്ര ‘ടച്ചി’ലല്ലെന്ന പ്രസ്താവനയുമായി ധവാന്‍ രംഗത്തെത്തിയത്. പരുക്കിന്റെ കാരണം പറഞ്ഞാണ് ഇന്ത്യന്‍ ടീമില്‍നിന്ന് രോഹിത്തിനെ ഒഴിവാക്കിയതെങ്കിലും, ചൊവ്വാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അപ്രധാന മത്സരത്തില്‍ രോഹിത് കളത്തിലിറങ്ങിയിരുന്നു. ഇതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുമ്പോഴാണ് രോഹിത്തിനെ ഉന്നമിട്ട് ധവാന്റെ പ്രസ്താവന.

‘രോഹിത് വളരെ മികച്ച താരമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ഈ സീസണില്‍ രോഹിത് അധികം മത്സരങ്ങളില്‍ കളിച്ചിട്ടില്ല. അതുകൊണ്ട് അദ്ദേഹം ഫോമിലാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഡല്‍ഹിക്ക് ഈ അവസരം തീര്‍ച്ചയായും മുതലെടുക്കാമെന്ന് തോന്നുന്നു’ ധവാന്‍ പറഞ്ഞു.

‘എന്തായാലും അദ്ദേഹത്തിന് എന്റെ എല്ലാ ആശംസകളും. എങ്കിലും എതിരാളികളെന്ന നിലയില്‍ രോഹിത് ഫോമിലല്ലാത്തത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഗുണകരമാണ്. അതിനനുസരിച്ച് ഞങ്ങള്‍ തന്ത്രങ്ങള്‍ മെനയും’ ധവാന്‍ പറഞ്ഞു. ഈ ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറികള്‍ സഹിതം 14 ഇന്നിങ്‌സുകളില്‍നിന്ന് 525 റണ്‍സ് നേടി മികച്ച ഫോമിലാണ് ധവാന്‍. ഈ മികവ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലും തുടരാനാകും ശ്രമമെന്ന് ധവാന്‍ പറഞ്ഞു

ഒരിക്കല്‍ ഫോമിലെത്തിക്കഴിഞ്ഞാല്‍, അടുത്ത പരമ്പരയിലും അതേ മികവു തുടരാനാകും ശ്രമം. ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് എനിക്ക് എല്ലാക്കാലത്തും താല്‍പര്യമുള്ള കാര്യമാണ്. ക്രിക്കറ്റ് കളിക്കാന്‍ ശരിക്കും അനുയോജ്യമായ സ്ഥലം. അവിടുത്തെ പിച്ചുകള്‍ മികച്ചതാണ്. അവിടെ അവരുടെ ബോളിങ് ആക്രമണത്തെ നേരിടുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു’ ധവാന്‍ പറഞ്ഞു.

‘ദീര്‍ഘകാലത്തിനുശേഷം ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുന്നതുകൊണ്ടുതന്നെ ഇതൊരു സ്‌പെഷല്‍ പരമ്പരയായിരിക്കും. അവിടെ എന്റെ മികവു തെളിയിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും’ ധവാന്‍ പറഞ്ഞു.

pathram:
Leave a Comment