സിബിഐക്കു സര്‍ക്കാരിന്റെ കൂച്ചുവിലങ്ങ്; പൊതുസമ്മതപത്രം പിന്‍വലിക്കും

തിരുവനന്തപുരം: കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൊതുസമ്മതപത്രം പിന്‍വലിക്കും. മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളെ ഇതു ബാധിക്കില്ല. സിബിഐക്ക് ഇനി മുതല്‍ കേസെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം.

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരറിയാതെ സിബിഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് അനുമതി പിന്‍വലിക്കുന്നത്. ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരായ നടപടികള്‍ ഒക്ടോബര്‍ 13നു ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. കേസ് നേരത്തെയാക്കണമെന്ന സിബിഐ ഹര്‍ജി കോടതി തള്ളി. അന്വേഷണം നേരത്തെ ആരംഭിച്ചതിനാല്‍, ഈ കേസില്‍ സിബിഐക്ക് തുടരന്വേഷണം നടത്താന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

നിലവിലെ പല കേസുകളിലും അന്വേഷണത്തിനു സിബിഐക്ക് തടസങ്ങള്‍ നേരിടുന്നുണ്ട്. തോണ്ടട്ടി ഇറക്കുമതി ചെയ്ത കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കശുവണ്ടി കോര്‍പറേഷനുമായി ബന്ധപ്പെട്ട് സിബിഐ കണ്ടെത്തിയതൊന്നും ശരിയല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തത്. ഇതിനെതിരെ സിബിഐ കോടതിയെ സമീപിക്കാനിരിക്കുകയാണ്. പെരിയ കേസിലും സിബിഐ ആവശ്യപ്പെട്ട ഫയലുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എക്സ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് സിബിഐ കേസെടുക്കുന്നത്. ഓരോ സംസ്ഥാനത്തിലും അന്വേഷണത്തിന് അതതു സര്‍ക്കാരുകളുടെ അനുമതി വേണം. കേരളം ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും അന്വേഷണത്തിനു പൊതുഅനുമതി മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതിയാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. ചത്തീസ്ഗഡ്, രാജസ്ഥാന്‍, ബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളും സിബിഐ അന്വേഷണത്തിനു നല്‍കിയ അനുമതി പിന്‍വലിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് അനുമതി പിന്‍വലിക്കുന്നത്. സിബിഐയെ വിലക്കാനുള്ള വഴിതേടണമെന്ന് സര്‍ക്കാരിനോട് പാര്‍ട്ടിയും ആവശ്യപ്പെട്ടിരുന്നു. സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നു പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

pathram desk 1:
Related Post
Leave a Comment