പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ സഹോദരനെ വെടിവച്ചു കൊന്ന പ്രമുഖ യൂട്യൂബറും കൂട്ടാളികളും അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ സഹോദരനെ വെടിവച്ചു കൊന്ന പ്രമുഖ യൂട്യൂബറും കൂട്ടാളികളും അറസ്റ്റില്‍. നോയിഡ സെക്ടര്‍-53 സ്വദേശി നിസാമുല്‍ ഖാന്‍, സുഹൃത്തുക്കളായ സുമിത് ശര്‍മ, അമിത് ഗുപ്ത എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്.

നോയിഡയില്‍ നിന്നുള്ള അറിയപ്പെടുന്ന ബൈക്ക് സ്റ്റണ്ടര്‍ കൂടിയായ നിസാമുല്‍ ഖാനു യൂട്യൂബില്‍ 9 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. സമൂഹ മാധ്യമങ്ങളിലും ലക്ഷക്കണക്കിനു പേരാണ് ഇയാളെ പിന്തുടരുന്നത്. ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്താണ് ഇയാള്‍ ആരാധകരെ സൃഷ്ടിച്ചത്.

നോയിഡ സെക്ടര്‍-31-ല്‍ താമസിക്കുന്ന കമല്‍ ശര്‍മ(26)യാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 28 ന് രാത്രി കമ്പനിയിലെ ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് കമല്‍ ശര്‍മയ്ക്ക് വെടിയേറ്റത്. സംഭവത്തില്‍ നോയിഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും കൊലയാളികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല

2017 ല്‍ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് നിസാമുല്‍ ഖാന്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സഹോദരിയുമായുള്ള ഇയാളുടെ ബന്ധത്തെ കമല്‍ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിനു കാരണമായത്. ഈ ബന്ധത്തിന്റെ പേരില്‍ കമല്‍ ശര്‍മ നിരവധി തവണ മര്‍ദിച്ചുവെന്നും കാമുകിയുടെ ഫോണ്‍ ബലമായി പിടിച്ചെടുത്തെന്നും നിസാമുല്‍ ഖാന്‍ മൊഴി നല്‍കി. ഇതോടെ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തുവെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നത് വെല്ലുവിളിയായി. കമല്‍ ശര്‍മയുടെ സഹോദരിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിസാമുല്‍ ഖാനും സുഹൃത്തുക്കളും കുടുങ്ങിയത്.

കമലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക്, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, ഇവരുടെ ബൈക്കുകള്‍, വെടിയുണ്ടകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഒക്ടോബര്‍ 28 ന് രാത്രി നോയിഡയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് പ്രതികള്‍ കമലിനെ പിന്നില്‍ നിന്ന് വെടിവച്ചത്.

ഉടന്‍ തന്നെ പ്രദേശവാസികള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകാതെ തന്നെ മരിച്ചു. കമല്‍ സഞ്ചരിക്കുന്ന വഴികളിലൂടെ കൊലപാതകത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്നതായി െപാലീസ് കണ്ടെത്തിയിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്നും െപാലീസ് പറയുന്നു.

pathram:
Related Post
Leave a Comment