ഇസ്തംബുൾ : തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 65 മണിക്കൂറിന് ശേഷം മൂന്നു വയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്തി. തുർക്കിയുടെ എയ്ജിൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ ഒന്നിൽ നിന്നാണ് എലിഫ് പെറിൻസെക് എന്ന പേരുള്ള മൂന്നു വയസ്സുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്.
എലിഫിനെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുമ്പോൾ ചുറ്റും കൂടിയവർ കയ്യടികളോടെ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു. എലിഫിന്റെ അമ്മയും മൂന്നു സഹോദരങ്ങളും ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ കുടുങ്ങിയിരുന്നു. ഇതിൽ അമ്മയേയും ഇരട്ട സഹോദരിമാരെയും നേരത്തെ രക്ഷപ്പെടുത്തി. എന്നാൽ ഏഴു വയസ്സുകാരനായ സഹോദരനെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ മരിച്ചു.
എലിഫിനെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവൾ രക്ഷപ്പെട്ടുവെന്ന വാർത്ത കുടുംബത്തെ തേടിയെത്തിയത്. തിങ്കളാഴ്ച വൈകിട്ടു വരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 106 പേരെയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. 58 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ 14 വയസ്സുകാരിയായ ഐഡിൽ സിറിനെയും രക്ഷാപ്രവർത്തകർ തിങ്കളാഴ്ച ജീവനോടെ കണ്ടെത്തിയിരുന്നു.
ഭൂകമ്പത്തിൽ തകർന്ന ഇരുപതിലേറെ ബഹുനിലക്കെട്ടിടങ്ങളിൽ ഒന്നിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് എലിഫിനെ ജീവനോടെ കണ്ടെത്തിയത്. 5000 ത്തോളം രക്ഷാപ്രവർത്തകരാണ് തിരച്ചിൽ തുടരുന്നത്.
Şükürler olsun, 3 yaşındaki Elifimiz tam 65 saat sonra enkaz altından sağ kurtarıldı.
AFAD’ımızın koordinasyonunda deprem alanında olağanüstü bir gayretle çalışan tüm ekiplerimize minnettarız. pic.twitter.com/ClVfgA3xks— Fahrettin Altun (@fahrettinaltun) November 2, 2020
വെള്ളിയാഴ്ച തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 91 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഭൂകമ്പമാപിനിയിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 900 ലേറെ പേർക്കു പരുക്കേറ്റു. സാമോസിലെ തുറമുഖ നഗരമായ വതി കടൽവെള്ളത്തിൽ മുങ്ങിയിരുന്നു. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മറിലേക്ക് സൂനാമിക്ക് സമാനമായി കടൽ ഇരച്ചുകയറുകയും ചെയ്തു.