തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ക്ക് എതിരായ സോളര്‍ കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചന. കോണ്‍ഗ്രസ് നേതാവ് എ.പി. അനില്‍കുമാറിന് എതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി വിളിച്ചുവരുത്തി രേഖപ്പെടുത്തിയതിനു പിന്നാലെ മറ്റുള്ളവര്‍ക്ക് എതിരായ കേസുകളുടെ അവസ്ഥയും വിലയിരുത്തി. പീഡനപരാതി നിലനില്‍ക്കില്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പെന്ന കുറ്റം നിലനില്‍ക്കുമോ എന്നാണ് ആലോചിക്കുന്നത്. നിയമോപദേശവും തേടിയേക്കും.
സ്വര്‍ണക്കടത്തും ലഹരിക്കടത്തും പ്രോട്ടോക്കോള്‍ ലംഘനവുമൊക്കെയായി സര്‍ക്കാരും അടുപ്പക്കാരും കേസുകളാല്‍ വരിഞ്ഞ് മുറുകിയിരിക്കുമ്പോള്‍ കേസകള്‍ രാഷ്ട്രീയ ആയുധമാണ് എന്നാണ് സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നത്. ആ സാഹചര്യത്തില്‍ പ്രത്യാക്രമണത്തിനുള്ള ആയുധം പഴയ സോളറിലുണ്ടോയെന്നാണു സര്‍ക്കാര്‍ തിരയുന്നത്. പീഡന പരാതിയില്‍ 7 കേസുകളാണ് നിലവിലുള്ളത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായാണു കേസുകള്‍. 2018 അവസാനവും 2019 ആദ്യവുമായി എടുത്ത ഈ കേസുകളില്‍ ഒന്നും ചെയ്യാനാവില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനില്‍കാന്തുമൊക്കെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതോടെ എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കി ഓരോ കേസും ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചെങ്കിലും അനക്കമൊന്നുമില്ലായിരുന്നു. ഇതിനിടെയാണ് രണ്ടു ദിവസം മുന്‍പ് പരാതിക്കാരിയെ വിളിച്ചുവരുത്തി എ.പി. അനില്‍കുമാറിനെതിരായ കേസില്‍ മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂര്‍ത്തിയായി. അതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരെ ചോദ്യം ചെയ്ത് മുന്നോട്ടു പോകാനാണ് ആലോചന.
എന്നാല്‍ പരാതി തെളിയിക്കുക ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥരെല്ലാം തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പീഡനം എന്നതൊഴിവാക്കി സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ കേസെടുത്ത് വിജിലന്‍സിന് കൈമാറിയാലോ എന്നാണ് ആലോചന. അതിനും സാധ്യത കുറവാണെന്ന പൊതുവിലയിരുത്തലുണ്ടായതിനാല്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.