ചരിത്രത്തിലാദ്യമായ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി

ദുബായ്: ഐപിഎല്‍ പ്ലേഓഫിലേക്കു വിദൂരസാധ്യത മാത്രം മുന്നില്‍നില്‍ക്കെ വിജയത്തിന്റെ ‘സ്പാര്‍ക്’ കണ്ടെത്തിയതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അതും ഈ സീസണില്‍ മികച്ച ഫോമിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തി. പറഞ്ഞിട്ടെന്ത്, കാത്തുകാത്തിരുന്ന് നേടിയ വിജയത്തിന്റെ ആവേശം അടങ്ങും മുന്‍പേ അവര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ചരിത്രത്തിലാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിലെത്താതെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഞായറാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ഇതോടെ ആരാധകരെ ഏറെ വിഷമിപ്പിച്ച ചെന്നൈയുടെ തോല്‍വി പരമ്പരയ്ക്ക് അനിവാര്യമായ അന്ത്യം.

ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ടു വിക്കറ്റിന് തകര്‍ത്ത ചെന്നൈ ഏറെ നാളുകള്‍ക്ക് ശേഷം പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് ഒന്ന് അനങ്ങിയതാണ്. 12 മത്സരങ്ങളില്‍നിന്ന് നാലു വിജയങ്ങളുമായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് കയറിയ ചെന്നൈ, പിന്നിലാക്കിയത് രാജസ്ഥാന്‍ റോയല്‍സിനെ. എട്ടു പോയിന്റുണ്ടായിരുന്നെങ്കിലും റണ്‍റേറ്റില്‍ പിന്നിലായതോടെയാണ് രാജസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് പതിച്ചത്.

പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം മാറി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ രാജസ്ഥാന്‍ നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ മുന്‍പന്‍മാരുമായ മുംബൈയെ വീഴ്ത്തിയതോടെ ചെന്നൈ വീണ്ടും അവസാന സ്ഥാനക്കാരായി. മാത്രമല്ല, അവസാന പ്രതീക്ഷയും കൈവിട്ട് പ്ലേ ഓഫ് കാണാതെ പുറത്തുമായി. രാജസ്ഥാനാകട്ടെ, 12 മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി സണ്‍റൈസേഴ്‌സിനെയും കടന്ന് ആറാം സ്ഥാനത്തെത്തി. സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യതകള്‍ സജീവം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുന്നതിനൊപ്പം കണക്കിലെ കളികളും അനുകൂലമാകണമെന്ന് മാത്രം.
സാധ്യതകള്‍ ഇങ്ങനെ, പക്ഷേ വിഫലം!

ഞായറാഴ്ച കളങ്ങളുണരും മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കുന്നതിനൊപ്പം മറ്റു ടീമുകള്‍ കൂടി ‘കനിഞ്ഞാല്‍’ അവര്‍ക്ക് സാങ്കേതികമായി സാധ്യത ശേഷിച്ചിരുന്നു. അതിങ്ങനെ:
1. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (ശേഷിക്കുന്ന മത്സരങ്ങളെല്ലാം തോല്‍ക്കണം)
2. കിങ്‌സ് ഇലവന്‍ പഞ്ചാബ് (തിങ്കളാഴ്ച കൊല്‍ക്കത്തയെ തോല്‍പ്പിക്കണം, ശേഷിക്കുന്ന രണ്ട് കളികളും തോല്‍ക്കണം)
3. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നെങ്കിലും വലിയ മാര്‍ജിനില്‍ തോല്‍ക്കണം)
4. രാജസ്ഥാന്‍ റോയല്‍സ് (പഞ്ചാബിനെയും കൊല്‍ക്കത്തയെയും തോല്‍പ്പിക്കണം, മുംബൈയോട് വലിയ മാര്‍ജിനില്‍ തോല്‍ക്കണം)
മേല്‍പ്പറഞ്ഞ ‘ക്ലോസു’കളിലെ അവസാന ‘ക്ലോസി’ന്റെ ‘സബ് ക്ലോസ്’ തന്നെ പാളിയതോടെയാണ് ചെന്നൈ ടൂര്‍ണമെന്റിനു പുറത്തായത്. ചെന്നൈയ്ക്ക് മുന്നേറാന്‍ മുംബൈയോട് വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ടിയിരുന്ന രാജസ്ഥാന്‍, വലിയ മാര്‍ജിനില്‍ മുംബൈയെ തോല്‍പ്പിച്ചു!

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 8 വിക്കറ്റിനു തകര്‍ത്ത മത്സരത്തില്‍ ചെന്നൈയ്ക്കു തുണയായത് യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് (51 പന്തുകളില്‍ പുറത്താകാതെ 65 റണ്‍സ്). ‘സ്പാര്‍ക്കു’ള്ള യുവതാരങ്ങള്‍ ചെന്നൈയ്ക്കില്ലെന്ന ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ വിമര്‍ശനത്തിന് ഇരുപത്തിമൂന്നുകാരന്‍ താരം മറുപടി കൊടുത്തെങ്കിലും ലീഗില്‍ ടീമിന്റെ പ്രതീക്ഷയറ്റു. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ 6ന് 145, ചെന്നൈ 18.4 ഓവറില്‍ 2ന് 150. ലീഗില്‍ 12 മത്സരങ്ങള്‍ കളിച്ചതില്‍ ചെന്നൈയുടെ 4ാമത്തെ മാത്രം ജയം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഒരവസരത്തില്‍പ്പോലും ടോപ് ഗീയറിലേക്ക് എത്താനായില്ല. 3ാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ വിരാട് കോലി (43 പന്തുകളില്‍ 50) എബി ഡിവില്ലിയേഴ്‌സ് (36 പന്തുകളില്‍ 39) സഖ്യമാണ് അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അവസാന 3 ഓവറില്‍ 20 റണ്‍സ് മാത്രം നേടാനേ ബാംഗ്ലൂരിനായുള്ളൂ. 4 വിക്കറ്റും നഷ്ടമായി. ദേവ്ദത്ത് പടിക്കല്‍ (22), ആരോണ്‍ ഫിഞ്ച് (15), മോയീന്‍ അലി (1) എന്നിവര്‍ നിരാശപ്പെടുത്തി. ചെന്നൈയ്ക്കായി സാം കറന്‍ 3 വിക്കറ്റും ദീപക് ചാഹര്‍ 2 വിക്കറ്റുമെടുത്തു.

ഋതുരാജാണു ഫാഫ് ഡുപ്ലെസിക്കൊപ്പം ചെന്നൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്രിസ് മോറിസിന്റെ പന്തില്‍ ഡുപ്ലെസി (25) പുറത്തായെങ്കിലും അമ്പാട്ടി റായുഡുവിനൊപ്പം (39) ഋതുരാജ് ചെന്നൈയെ മുന്നോട്ടു നയിച്ചു. 2ാം വിക്കറ്റില്‍ ഇരുവരും 44 പന്തുകളില്‍ 67 റണ്‍സ് നേടി. റായുഡു പുറത്തായപ്പോള്‍ വന്ന ധോണിക്കൊപ്പം (പുറത്താകാതെ 19) യുവതാരം ചെന്നൈയെ ജയത്തിലെത്തിച്ചു.

pathram:
Related Post
Leave a Comment