സ്വപ്നയുടെ മൊഴികളിലെ ‘ഉന്നത സ്വാധീനമുള്ള മലയാളി’

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്രത്തിനു നല്‍കിയ കസ്റ്റംസ് റിപ്പോര്‍ട്ടിന് അനുബന്ധമായി ചേര്‍ത്ത സ്വപ്നയുടെ മൊഴികളിലെ ‘ഉന്നത സ്വാധീനമുള്ള മലയാളി’യെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

30 കിലോഗ്രാം കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവച്ച സന്ദര്‍ഭത്തിലാണ് അതു വിട്ടുകിട്ടാന്‍ ഇടപെട്ട ഉന്നതനെക്കുറിച്ചു സ്വപ്ന പരാമര്‍ശിക്കുന്നത്. ഇക്കാര്യം അറിയിച്ചതു കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്. ഇടപെട്ടതൊരു പ്രവാസിയാണെന്നാണ് ഇതില്‍നിന്നുള്ള സൂചന.

സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാനത്തെ ഒരു എംഎല്‍എയ്ക്ക് പങ്കുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. ‘പിഡി 12002062020 കോഫെപോസ’ എന്ന ഫയല്‍ നമ്പറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎല്‍എക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎല്‍എക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്കു പരാമര്‍ശിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment