ബിജെപിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്റെ കസേര ഇഴക്കി കാണിക്ക് എന്ന് മുഖ്യമന്ത്രി

മുംബൈ: എന്‍സിപിയും കോണ്‍ഗ്രസുമായി കൈ കോര്‍ത്ത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേന ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെ ബിജെപിയയും അതിന്റെ ഹിന്ദുത്വവാദത്തെയും വെല്ലുവിളിക്കുന്നു. ഇതിനകം അനേകം തവണ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ച ബിജെപിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയെ തള്ളിമറിച്ചിടാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മുന്നണിഭരണം ഒത്തുപോകില്ലെന്ന പ്രവചനങ്ങള്‍ ബാക്കി നിര്‍ത്തി നവംബര്‍ 28 ന് മന്ത്രിസഭ ആദ്യ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഞായറാഴ്ചയാണ് ഉദ്ധവ് ബിജെപിയെ പരസ്യമായി വെല്ലുവിളിച്ചത്.

ഭരണത്തില്‍ ഏറിയ കാലം മുതല്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടുമെന്ന വെല്ലുവിളി പലപ്പോഴായി കേട്ടതാണ്. എന്നാല്‍ ഇതുവരെ അക്കാര്യം സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ വെല്ലുവിളിക്കുകയാണ് ധൈര്യമുണ്ടെങ്കില്‍ അങ്ങിനെ ചെയ്യൂ എന്ന് ഉദ്ധവ് പറഞ്ഞു. ശിവജി പാര്‍ക്കില്‍ വീര്‍സവര്‍ക്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക ദസറാ ആഘോഷത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് എത്തിയ ചെറിയ സദസ്സിനെ അഭിസംബോധന ചെയ്താണ് താക്കറെ ഇക്കാര്യം പറഞ്ഞത്. കോവിഡ് പോലെ മഹാമാരി പടര്‍ന്നു പിടിച്ച് ദുരിതങ്ങള്‍ വിതയ്ക്കുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ അതിലല്ല ശ്രദ്ധിക്കുന്നത് പകരം ബിജെപിയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മന്ത്രിസഭകളെ മറിക്കാനാണ് ശ്രമിക്കുന്നത്. രാജ്യം ദുരിതത്തില്‍ വലയുന്നതിന് കാരണം ബിജെപിയുടെ അധികാരത്തോടുള്ള അത്യാര്‍ത്തിയാണ്. ഒപ്പമുള്ള മറ്റുള്ളവരെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ്‌കുമാറിനെയും സമാന നീതിയില്‍ കൈകാര്യം ചെയ്യമെന്നും പറഞ്ഞു.

ബീഹാറില്‍ അധികാരമേറ്റാല്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നാണ് പറയുന്നത്. ബീഹാറില്‍ മാത്രം ഇത് സൗജന്യമായി നല്‍കുന്നതിനെ കുറിച്ചാണ് അവര്‍ പറയുന്നത്. എന്നാല്‍ രാജ്യത്തിന്റെ ബാക്കിയുള്ള സംസ്ഥാനങ്ങള്‍ പാകിസ്താനിലോ ബംഗല്‍ദേശിലോ ആണോയെന്നും ചോദിച്ചു. ബിജെപി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കാത്തതിനെയും വിമര്‍ശിച്ചു. ശിവസേനയുടെ ഹിന്ദുത്വം ദീപങ്ങളും മണികളും മാത്രമല്ല. സേനയുടെ ഹിന്ദുത്വത്തില്‍ ഭീകരരെ തകര്‍ക്കുന്നതും ഉണ്ടെന്നും പറഞ്ഞു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതോ പൂജ നടത്തുന്നതോടെ മാത്രമല്ല ഹിന്ദുത്വം എന്ന ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗത്തിന്റെ ദസറാ പ്രസംഗത്തെ ഊന്നിപ്പറഞ്ഞ താക്കറെ ഇതെല്ലാം തനിക്കെഴുതും മുമ്പ് ഭഗവത് ആദ്യം ചെയ്യാന്‍ പറഞ്ഞു.

സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള സംഭവത്തില്‍ സുശാന്തിനെ ബീഹാറിന്റെ മകനെന്ന് വിളിക്കുന്നത് മുംബൈ പോലീസിനെയും മഹാരാഷ്ട്രയുടെ മകനായ ആദിത്യയെയും സ്വഭാവഹത്യ നടത്തലാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തതും വിമര്‍ശിച്ചു. 38,000 കോടിയാണ് ജിഎസ്ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടി വൈരം മറന്ന് മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് കേന്ദ്രത്തിനെതിരേ പ്രക്ഷോഭം നടത്തണമെന്നും പറഞ്ഞു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയെയും വെറുതേ വിട്ടില്ല. ഇത്തരം പ്രസ്താവനകള്‍ വഴി അന്നം തന്ന നഗരത്തെ അപമാനിക്കുകയാണ് നടി ചെയ്തതെന്നും പണിയെടുക്കാന്‍ വരുന്നവര്‍ പിന്നീട് നഗരത്തെ അപമാനിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പറഞ്ഞു. മുംബൈ നഗരത്തെ ഈ രീതിയില്‍ അപമാനിക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.

pathram:
Leave a Comment