മഹാകവി അക്കിത്തം അന്തരിച്ചു

പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്ബ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അക്കിത്തത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയില്‍ ആശങ്ക ഉളളതിനാല്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗില്‍ തുടരുകയായിരുന്നു. സെപ്‌തംബര്‍ 24നാണ് അക്കിത്തം അച്യുതന്‍ നമ്ബൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയായിരുന്നു അക്കിത്തം. 2008ല്‍ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛന്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു.

പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

1926 മാര്‍ച്ച്‌ 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്ബൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതന്‍ നമ്ബൂതിരി ജനിച്ചത്. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്ബൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

”വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് 61 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ എന്നാണ് മലയാള സാഹിത്യം വിശേഷിപ്പിച്ചിരുന്നത്. മനുഷ്യത്വത്തില്‍ ഊന്നിയതായിരുന്നു അക്കിത്തത്തിന്റെ കവിതകളെല്ലാം. മലയാളകവിതയുടെ ദാര്‍ശനികമുഖമായി അദ്ദേഹത്തിന്റെ കവിതകള്‍ വിലയിരുത്തപ്പെട്ടു.

1956 മുതല്‍ കോഴിക്കോട് ആകാശവാണിയിലായിരുന്നു അദ്ദേഹം സേവനമനുഷ്‌ടിച്ചത്. 1975ല്‍ ആകാശവാണി തൃശൂര്‍ നിലയത്തിന്റെ എഡിറ്ററായി. 1985ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാല്‍പ്പത്തിയാറോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ബലിദര്‍ശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, മന:സാക്ഷിയുടെ പൂക്കള്‍, അരങ്ങേറ്റം, പഞ്ചവര്‍ണ്ണക്കിളി, സമത്വത്തിന്റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹമെഴുതി. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളെഴുതി.

അക്കിത്തത്തിന്റെ ”ഈ ഏട്ത്തി നൊണേ പറയൂ”, എന്ന കുട്ടികള്‍ക്കുള്ള നാടകം പ്രശസ്‌തമാണ്. ബലിദര്‍ശനത്തിന് 1972ല്‍ കേരളസാഹിത്യ അവാര്‍ഡ് ലഭിച്ചു. പിന്നാലെ 1973ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും അത്തിത്തത്തെ തേടിയെത്തി. ഓടക്കുഴല്‍, സഞ്ജയന്‍ പുരസ്‌ക്കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രകാരന്‍ അക്കിത്തം നാരായണനാണ് കവിയുടെ സഹോദരന്‍. മകന്‍ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

pathram desk 2:
Related Post
Leave a Comment