സാധാരണക്കാര്‍ ആശങ്കയിലാണ്; മൊറട്ടോറിയം ഇളവിന് താമസമെന്തെന്ന് കേന്ദ്രസര്‍ക്കാരിനോട്‌ കോടതി

ന്യൂഡല്‍ഹി: മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് നടപ്പിലാക്കാന്‍ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.

വിഷയത്തില്‍ ഇതിനോടകം തീരുമാനം എടുത്ത പശ്ചാത്തലത്തില്‍, അത് നടപ്പാക്കാന്‍ എന്തിനാണ് കൂടുതൽ സമയം എടുക്കുന്നതെന്നും കോടതി ആരാഞ്ഞു. പലിശ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നവംബര്‍ 15 വരെ സമയം വേണ്ടിവരുമെന്നും ബാങ്കുകള്‍ക്കു വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

സാധാരണക്കാര്‍ ആശങ്കയിലാണ്. രണ്ടുകോടി വരെ വായ്പയുള്ളവരുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്- ബെഞ്ച് പറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ മൂലം വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ ഉടൻ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു . കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. അപ്പോൾ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.

രണ്ടുകോടി രൂപ വരെ വായ്പ എടുത്തവര്‍ക്കാണ് കൂട്ടുപലിശ ഒഴിവായിക്കിട്ടുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ തുടങ്ങിയവയ്ക്കാണ് ഇളവ് ലഭിക്കുക.

pathram:
Leave a Comment