സ്വര്‍ണക്കടത്ത്: സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കൈമാറിയില്ല, അപ്രധാനമായ ചില ഫയലുകള്‍ മാത്രമാണ് നല്‍കിയത്. തെളിവുകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍.ഐ.എ. ഇതു സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വൈകാതെ കൈമാറും. നിലവില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ ഏജന്‍സികള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. തുടക്കം മുതല്‍ ഉണ്ടായ നിസഹകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ റിപ്പോര്‍ട്ട് തയാറാക്കുന്നത്.

സെക്രട്ടേറിയറ്റിലെ സി.സി ടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുപോയി എന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ വാദം. സെക്രട്ടേറിയറ്റില്‍, സ്വപ്‌ന സുരേഷ് എത്തുന്ന ദൃശ്യങ്ങളും നിശ്ചിത ദിവസങ്ങളിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടാണ് എന്‍.ഐ.എ. ആദ്യം കത്തുനല്‍കിയത്. ഇതേത്തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 4000 ജി.ബി ഹാര്‍ഡ് ഡിസ്‌ക്ക് വേണമെന്നും അതിനായി ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും പറഞ്ഞ അധികൃതര്‍ ഇതുവരെ ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ല.

യു.എ.ഇ കോണ്‍സല്‍ ജനറല്‍ 2007-ല്‍ ക്ലിഫ് ഹൗസില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഒപ്പം താനുമുണ്ടായിരുന്നുവെന്നുമുള്ള സ്വപ്‌നയുടെ മൊഴികൂടി പുറത്തുവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാര്‍ ഇതു സംബന്ധിച്ച അനുബന്ധ തെളിവുകള്‍ ശേഖരിക്കുന്നത് തടയിടാനാണ് ശ്രമിക്കുന്നതെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള വിവരങ്ങള്‍ എന്‍.ഐ.എയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ആവശ്യപ്പെട്ടപ്പോള്‍ പ്രൊട്ടോക്കോള്‍ ഓഫീസില്‍ നിന്നും അപ്രധാനമായ ചില ഫയലുകള്‍ മാത്രമാണ് നല്‍കിയത്. അതിനു പിന്നാലെ പ്രൊട്ടോക്കോള്‍ ഓഫീസ് അഗ്നിക്കിരയായത് സംശയം ബലപ്പെടുത്തുന്നതായി അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍.ഐ.എയുടെ അന്വേഷണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനാലാണ് മുഖ്യമന്ത്രി ആദ്യം അന്വേഷണത്തെ സ്വാഗതം ചെയ്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. എന്നാല്‍ അന്വേഷണം സി.ബി.ഐയിലേക്ക് മാറിയപ്പോള്‍ സി.പി.എം അതിനെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സംശയം ജനിപ്പിക്കുന്നതാണ്. വടക്കാഞ്ചേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫഌറ്റിന്റെ ബലത്തെ സംബന്ധിച്ച് സി.ബി.ഐ. പരിശോധന നടത്തുന്നുവെന്ന് വ്യക്തമായതോടെ വിജിലന്‍സും പരിശോധനയ്ക്ക് തയാറെടുക്കുന്നതാണ് അന്വേഷണ ഏജന്‍സികളെ വലയ്ക്കുന്ന മറ്റൊരു വിഷയം.

pathram:
Related Post
Leave a Comment