ധോണി കണ്ണുരുട്ടി; തീരുമാനം മാറ്റി അമ്പയര്‍ (വീഡിയോ)

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ 19-ാം ഓവറിലുണ്ടായ അമ്പയറുടെ തീരുമാനം വിവാദമാകുന്നു. ഫീല്‍ഡ് അംപയറായ പോള്‍ റീഫലെടുത്ത തീരുമാനത്തിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ട്രോളുകളും നിറയുന്നത്.

ടോസ് നേടി ബാറ്റിങ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ 19-ാം ഓവറിലാണ് ഈ വിവാദ തീരുമാനം അരങ്ങേറിയത്. ആറു വിക്കറ്റുകള്‍ വീണിട്ടും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സ്പിന്നര്‍ റാഷിദ് ഖാനാണ് സണ്‍റൈസേഴ്‌സിന് വേണ്ടി ക്രീസിലുണ്ടായിരുന്നത്. ചെന്നൈയ്ക്ക് വേണ്ടി ബൗള്‍ ചെയ്യുന്നത് ശാര്‍ദുല്‍ ഠാക്കൂര്‍. അവസാന രണ്ട് ഓവറുകളില്‍ സണ്‍റൈസേഴ്‌സിന് ജയിക്കാന്‍ 27 റണ്‍സ് വേണമായിരുന്നു.

19-ാം ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് വഴങ്ങിയ ശാര്‍ദുല്‍ രണ്ടാം പന്ത് വൈഡെറിഞ്ഞു. മൂന്നാമതെറിഞ്ഞ പന്തും വൈഡ് ലൈനിനടുത്തൂടെ പോകുകയായിരുന്നു. ഇത് വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ കൈ പതിയെ ഉയര്‍ത്തിയപ്പോള്‍ ധോനിയ്ക്ക് ദേഷ്യം അടക്കാനായില്ല. വിക്കറ്റിന് പുറകില്‍ നിന്നും അത് വൈഡല്ല എന്ന് വാദിച്ച ധോനിയുടെ വാക്കുകള്‍ക്ക് പിന്നാലെ അമ്പയര്‍ കൈ താഴ്ത്തി അത് ബോളാണെന്ന് വിധിച്ചു. ഇതുകണ്ട വാര്‍ണര്‍ ഡഗ്ഗൗട്ടില്‍ ക്ഷുഭിതനായി. അമ്പയറുടെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കമന്റേറ്റർമാരും ഈ വിധിയില്‍ ആശ്ചര്യം പൂണ്ടു.

അവസാനം 20 റണ്‍സിന് ‌ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി. ഈ സീസണിലെ മൂന്നാം വിജയമാണ് ചെന്നൈ ഈ മത്സരത്തിലൂടെ സ്വന്തമാക്കിയത്. ഇതാദ്യമായല്ല ധോനി അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഉല്‍ഹാസ് ഗാന്ധെയുടെ തീരുമാനത്തില്‍ ക്യാപ്റ്റന്‍ കൂൾ നിയന്ത്രണം വിട്ടത് വലിയ വാർത്തയായിരുന്നു.

pathram:
Leave a Comment