നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ..? ഗവര്‍ണറുടെ ചോദ്യത്തിന് ഉദ്ദവ് താക്കറയുടെ കിടിലന്‍ മറുപടി

മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനേ ചൊല്ലി ഗവര്‍ണര്‍ ഭഗത് സിങ്‌ കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മില്‍ തര്‍ക്കം. ഉദ്ദവ് താക്കറെ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചോദിച്ചു.

” ഹിന്ദുക്കള്‍ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ചുകൊണ്ട് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങള്‍ പാണ്ഡാര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും പൂജകളില്‍ പങ്കാളികളാകുകയും ചെയ്തു.” – ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.

” ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് സെക്യുലര്‍ ആയോ?” – കത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ചോദിച്ചു.

എന്നാല്‍, നിങ്ങള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തയാളാണെന്നും മതേതരത്വം ഭരണഘടനയുടെ ഭാഗമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് ഉദ്ദവ് താക്കറെയും രംഗത്തെത്തി. മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ഏറ്റുമുട്ടിയത്. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് വിവിധ വിഭാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ലോക്ക്ഡൗണിനു ശേഷം ക്ഷേത്രങ്ങള്‍ തുറക്കാന്‍ ശിവസേന സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. നേതാക്കള്‍ പ്രകടനം നടത്തി . മുംബൈ, നാഗ്പുര്‍, ശിര്‍ദി, കൊല്‍ഹാപുര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറുന്നത്.

“ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെയങ്കില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ എന്താണ് പ്രശ്‌നം?” എന്നാണ് ഉദ്ദവ് താക്കറെ സര്‍ക്കാരിനോട് ബി.ജെ.പി. നേതാക്കള്‍ ചോദിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണിനു ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് കുറച്ച് ഇളവ് നല്‍കാന്‍ തുടങ്ങിയയുടനെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കവുമുണ്ടായിരുന്നു

സാമൂഹിക അകലം പാലിക്കാന്‍ ആളുകള്‍ക്ക് അറിയാമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെ ലക്ഷ്യമാക്കി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവന ഇറക്കിയിരുന്നു. ബി.ജെ.പി. അംഗങ്ങള്‍ തന്നെ സാമൂഹ്യ അകല മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ തന്നെ ഒരു പരിപാടി ചൂണ്ടിക്കാട്ടി ശിവസേന തിരിച്ചടിച്ചത്.

pathram:
Leave a Comment