കോളജ് അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും; ക്ലാസുകൾ ഓൺലൈനായി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ഒാണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്. ക്ലാസുകളാരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ട എന്ന അഭിപ്രായമാണ് അധ്യാപകരും മുന്നോട്ട് വച്ചത്. ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം.

ഇപ്പോള്‍ ഒന്നാം വര്‍ഷമൊഴിച്ചുള്ള ക്ലാസുകളില്‍ ഒാണ്‍ലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50% വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നുണ്ട്. എന്നാല്‍ കണക്ടിവിറ്റി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ബാധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ ക്ലാസുകളിലും പങ്കെടുക്കാനാവുന്നില്ല. പലപ്പോഴും ക്ലാസുകള്‍ക്കിടയില്‍ നെറ്റ് കണക്‌ഷന്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരും അനവധിയാണ്. അണ്‍ലോക്ക്–5ന്‍റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കോളജുകള്‍ എന്നു തുറക്കാനാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉറപ്പില്ല. ഹോസ്റ്റലുകളും ഉടന്‍ തുറക്കാനാവില്ല. വിദ്യാര്‍ഥികളുടെയോ അധ്യാപകരുടെയോ ആരോഗ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു തീരുമാനവും വേണ്ട എന്ന നിര്‍ദേശമാണ് സര്‍ക്കാരും നല്‍കിയിട്ടുള്ളത്.

pathram desk 1:
Related Post
Leave a Comment