കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ പ്രമുഖ ബാങ്കിന്റെ തിരുവനന്തപുരം കരമന ശാഖയിലെ ഉദ്യോഗസ്ഥരെ സിബിഐ കൊച്ചിയിൽ വിളിച്ചു വരുത്തി മൊഴി എടുക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിൽ വ്യക്തത വരുത്തുന്നതിനാണ് മൊഴി രേഖപ്പെടുത്തൽ. ഈ ബാങ്കിന്റെ കരമന ശാഖയിലുള്ള യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ട് വഴിയാണ്, ലൈഫ് മിഷൻ പദ്ധതി ഏറ്റെടുത്ത യുണിടാകിന് 14.5 കോടി രൂപ കൈമാറിയത്.
കരാർ തുകയിൽ നിന്ന് 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഐസോമോക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് കമ്മിഷനായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈമാറിയിരുന്നു. സന്ദീപിന്റെ ബാങ്ക് അക്കൗണ്ടും ഇതേ ബാങ്കിലാണ്.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പണം സ്വീകരിച്ചത് വിദേശ നാണയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സിബിഐ കേസ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു തവണ സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെ ഫയലുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
Leave a Comment