ബറോഡ: എന്താണ് ഇർഫാൻ പഠാന്റെ മനസ്സിലിരിപ്പ്? ആരെയാണ് പഠാൻ ഉന്നമിടുന്നത്? ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒന്നാകെ അന്വേഷണത്തിലാണ്. ഇന്ന് പഠാൻ ട്വിറ്ററിൽ കുറിച്ച ഒരു വാചകമാണ് എല്ലാ അന്വേഷണങ്ങളുടെയും കേന്ദ്രബിന്ദു. ‘ചിലർക്ക് പ്രായം വെറും നമ്പർ മാത്രം, മറ്റു ചിലർക്ക് ടീമിനു പുറത്തേക്കുള്ള വഴിയും’ – ഇതായിരുന്നു പഠാന്റെ ട്വീറ്റ്. ഈ വാചകമല്ലാതെ ട്വീറ്റിൽ ഒന്നുമില്ല!
ഇതിനകം കാൽലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. റീട്വീറ്റ് ചെയ്തവരുെട എണ്ണം നാലായിരത്തോളം വരും. അറുനൂറിലധികം പേർ ട്വീറ്റിന് കമന്റും ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഉൾപ്പെടെ കമന്റുകൾ കാണാം. കമന്റുകളിൽ മിക്കതിനും ഒരേ സ്വഭാവമാണ്. ഈ വാചകത്തിലൂടെ പഠാന്‍ ഉന്നമിടുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെയാണത്രേ. എന്താണ് വാസ്തവം?
ട്വീറ്റിനു കാരണമായ സാഹചര്യങ്ങൾ പരിഗണിച്ചാൽ പഠാന്റെ ഉന്നം ധോണി തന്നെയാണെന്ന് സംശയിച്ചാൽ തെറ്റി പറയാനാകില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഇന്നലെ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സ്, ഡേവിഡ് വാർണറിന്റെ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റിരുന്നു. ആരാധകർക്കിടയിൽ ധോണിയെ ജനകീയനാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആ ‘ഫിനിഷിങ് മികവ്’ ഒരിക്കൽക്കൂടി കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് ചെന്നൈ തോറ്റത്.
അവസാന ഓവറിൽ വിജയത്തിലേക്ക് 28 റൺസ് വേണ്ടിയിരിക്കെ ധോണിയും ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനുമായിരുന്നു ക്രീസിൽ. എന്നാൽ, ഇരുവര്‍ക്കും ചേർന്ന് നേടാനായത് 20 റൺസ് മാത്രം. ഇതോടെ ഏഴു റൺസിനാണ് ചെന്നൈ തോറ്റത്. സീസണിൽ നാലു മത്സരങ്ങളിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. ടീമിന്റെ തോൽവിക്കും ധോണിയുടെ പ്രകടനത്തിനും അപ്പുറം, കളത്തിൽ ധോണിയുടെ ശരീരഭാഷയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ബാറ്റിങ്ങിനിടെ പലപ്പോഴും ക്ഷീണം പ്രകടിപ്പിച്ച ധോണി, ഇടയ്ക്കിടെ കൈകൾ കാൽമുട്ടിലൂന്നിനിന്ന് ചുമയ്ക്കുന്നത് കാണാമായിരുന്നു.
ഇതോടെ, മുപ്പത്തൊൻപതുകാരനായ ധോണിയുടെ ശരീരക്ഷമതയെക്കുറിച്ചും ചോദ്യങ്ങളുയർന്നു. ദുബായിലെ കനത്ത ചൂടിൽ തൊണ്ട വരണ്ടതാണ് നിർത്താതെ ചുമയ്ക്കാൻ കാരണമെന്ന് മത്സരശേഷം ധോണി വിശദീകരിച്ചിരുന്നു. കളത്തിൽ ഇതാദ്യമായി ധോണി ക്ഷീണിതനായി കാണപ്പെട്ടതിന്റെ പിറ്റേന്നാണ് പ്രായവുമായി ബന്ധപ്പെട്ട പഠാന്റെ ട്വീറ്റ്.
Leave a Comment