സ്വകാര്യ ലാബിലെ പരിശോധനയിൽ ഫലം നെഗറ്റീവ്; സർക്കാർ ആശുപത്രിയിൽ പോസിറ്റീവ്

എടപ്പാൾ: സ്വകാര്യ ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയവർ സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ്. എടപ്പാൾ പഞ്ചായത്തിലെ കോലെ‍ാളമ്പ് വല്യാട് മേഖലയിലെ ഇരുപതോളം പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കോവിഡ് ബാധിതരുമായി സമ്പർക്കമുള്ളവരാണ് സ്വകാര്യ ലാബിലെത്തി പരിശോധനയ്ക്ക് വിധേയമായത്. 1500 രൂപ വീതം ഇതിനായി ചെലവിട്ടു.

ഫലം വന്നപ്പോൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ പലരും പുറത്തിറങ്ങി വീട്ടുകാരുമായും മറ്റുള്ളവരുമായും സമ്പർക്കത്തിലേർപ്പെട്ടു. പിന്നീട് ആരോഗ്യ വകുപ്പിൽനിന്ന് വിളിച്ച് ഇവരോട് പരിശോധനയ്ക്ക് വിധേയമാകാൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ ലാബിൽ പരിശോധന നടത്തിയതാണെന്ന് അറിയിച്ചു.

എന്നാൽ ഇത് പോരെന്നും കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണമെന്നും ആവശ്യപ്പെട്ടു. ഇവിടെ നടത്തിയ പരിശോധനാ ഫലം എത്തിയപ്പോൾ ഇവരെല്ലാം പോസിറ്റീവ് ആവുകയും ചെയ്തു. ഇതുസംബന്ധിച്ച് ലാബ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾ നൽകിയ ഫലം കൃത്യമാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണിവർ.

pathram desk 1:
Related Post
Leave a Comment