കൊല്ലത്തെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. ആത്മഹത്യ ചെയ്ത ഡോക്ടർ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന കാര്യം അന്വേഷിക്കും. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ ഡോക്ടർ അനൂപ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിൻ്റെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ചത് ചികിത്സാപിഴവുമൂലം ആണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് ആശുപത്രിക്കെതിരെ ഉയർന്നിരുന്നത്. ഇതിനെ തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ ശിക്ഷാനിയമം 174 ആം വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തു. കിളികൊല്ലൂർ സിഐ അനിൽകുമാറിനാണ് അന്വേഷണ ചുമതല. ഡോക്ടർ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നുള്ള കാര്യം പൊലീസിൻ്റെ അന്വേഷണപരിധിയിലാണ്. കേസിലെ എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണ നിർദ്ദേശം നൽകി.
ഡോക്ടർ അനൂപിനെ കൈ ഞരമ്പ് മുറിച്ചശേഷം വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Leave a Comment