28 വര്‍ഷത്തിന് ശേഷം എല്ലാവരും കുറ്റവിമുക്തരാകുമ്പോള്‍…

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ. യാദവ് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ഒന്നര ലക്ഷത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇത് പൊളിച്ചത്. ബിജെപി, വിശ്വഹിന്ദു പരിഷത് എന്നീ സംഘപരിവാര്‍ സംഘടനകളാണ് ഇത് ആസൂത്രണം ചെയ്തതെന്നായിരുന്നു കേസ്.

2000 പേജുള്ള വിധിയാണ് ജസ്റ്റിസ് എസ്.കെ. യാദവ് പ്രഖ്യാപിച്ചത്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനല്‍കി.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍ (അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലെ മുന്‍ എം.പി.), സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയത് സുപ്രീംകോടതി 2017 ഏപ്രില്‍ 19-ന് പുനഃസ്ഥാപിച്ചിരുന്നു.

ഇതിന് ശേഷമാണ് കേസിന്റെ സ്വഭാവം മാറിമറിഞ്ഞത്. രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി അന്തിമ തീര്‍പ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍,സാധ്വി ഋതംബര എന്നിവര്‍ക്കെതിരെ ഗൂഡാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക, കലാപമുണ്ടാക്കുക, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ പ്രസ്താവന നടത്തുക, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കുന്ന വിധത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഉള്ളത്.

മറ്റ് പ്രതികളായ സതീഷ് പ്രധാന്‍, രാം ബിലാസ് വേദാന്തി, ചംപത് റായ്, നൃത്യ ഗോപാല്‍ ദാസ്, ധര്‍മദാസ് എന്നിവര്‍ക്കെതിരെ മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ക്ക് പുറമെ മതവികാരം വ്രണപ്പെടുത്തല്‍, ആരാധനാ കേന്ദ്രം നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്‌.

കേസില്‍ ആകെ 48 പ്രതികളായിരുന്നു. പക്ഷെ വിചാരണ കാലയളവില്‍ 16 പേര്‍ മരിച്ചു. ശേഷിക്കുന്ന 32 പേര്‍ക്കെതിരെയുള്ള കേസിലാണ് വിധി പുറപ്പെടുവിച്ചത്.

കല്യാണ്‍ സിങ്, രാം ചന്ദ്ര ഖടാരി, പ്രകാശ് ശര്‍മ, ജയ് ഭന്‍ സിങ് പവൈയ, അമര്‍നാഥ് ഗോയല്‍, ധര്‍മേന്ദ്ര സിങ് ഗുജ്ജര്‍, സന്തോഷ് ദുബെ, വിനയ് കുമാര്‍ റായ്, ലാലു സിങ്, രാംജി ഗുപ്ത, കമലേഷ് ത്രിപാഠി, ഗാന്ധി യാദവ്, വിജയ് ബഹാദുര്‍ സിങ്, നവീന്‍ ഭായ് ശുക്ല, ആചാര്യ ധര്‍മേന്ദ്ര ദേവ്, ശുധീര്‍ ഖത്രി, മഹാരാജ് സ്വാമി സാക്ഷി, രവീന്ദ്രനാഥ് ശ്രീവാസ്തവ, പവന്‍ കുമാര്‍ പാണ്ഡെ, ബ്രിജ് ഭൂഷണ്‍ പവന്‍ സിങ്, ജയ് ഭഗവാന്‍ ഗോയല്‍, ഓം പ്രകാശ് പാണ്ഡെ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.

രാജസ്ഥാന്‍ ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് ആദ്യം സംരക്ഷണം ലഭിച്ചിരുന്നു. ഗവര്‍ണര്‍സ്ഥാനം ഒഴിഞ്ഞതോടെ കല്യാണ്‍ സിങ്ങും വിചാരണ നേരിട്ടു.

pathram:
Related Post
Leave a Comment