99 റണ്‍സുമായി പുറത്ത്, സൂപ്പര്‍ ഓവറിനിടെ ഏകനായി ഇരിക്കുന്ന ഇഷാന്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി വളരാന്‍ മലയാളി താരം സഞ്ജു സാംസണിന് കഴിയുമോ എന്ന ചര്‍ച്ചകള്‍ ഒരു വശത്ത്. സഞ്ജു മറ്റൊരു ധോണിയാകേണ്ട കാര്യമില്ല, സഞ്ജു സഞ്ജുവായിരുന്നാല്‍ മതിയെന്ന വാദം മറുവശത്ത്. ഇതിനിടെ, ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം സൃഷ്ടിച്ച ടീം ഇന്ത്യയിലെ ആ വലിയ വിടവ് നികത്താന്‍ മറ്റൊരു അവകാശവാദം കൂടി ഉയര്‍ന്നുകേട്ട ദിനമാണ് തിങ്കള്‍. ഐപിഎല്‍ 13ാം സീസണില്‍ ഇന്നലെ ദുബായില്‍ നടന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ അസാമാന്യ പ്രകടനത്തിലൂടെ ഇരുപത്തിരണ്ടുകാരന്‍ ഇഷാന്‍ കിഷനാണ് പുതിയ അവകാശവാദമുയര്‍ത്തുന്നത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണിക്കുശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളുടെ ഓപ്ഷനുകളില്‍ ധോണിയുടെ നാട്ടുകാരന്‍ കൂടിയായ കിഷന്റെ പേരും നിലവിലുണ്ടെങ്കിലും, അതിന് ഇനി തിളക്കും കൂടും. ബാംഗ്ലൂരിനെതിരെ 58 പന്തില്‍ രണ്ടു ഫോറും ഒന്‍പതു സിക്‌സും സഹിതം 99 റണ്‍സെടുത്ത കിഷന്റെ പ്രകടനം ഇക്കാര്യം അടിവരയിടുന്നു.

സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമില്‍ ഇടംലഭിക്കാതെ പോയ താരമാണ് ഈ ഇരുപത്തിരണ്ടുകാരന്‍. കഴിഞ്ഞ സീസണിന്റെ ആരംഭത്തില്‍ യുവരാജിനു വേണ്ടി പുറത്തിരുന്നു. ഇക്കുറി ആദ്യ രണ്ടു മത്സരങ്ങളില്‍ മുംബൈ പരിചയസമ്പത്തിനു പ്രാധാന്യം നല്‍കിയതോടെ ഇഷാന്‍ കിഷനു പകരം ടീമില്‍ ഇടംനേടിയത് കിഷന്റെ നാട്ടുകാരന്‍ കൂടിയായ സൗരഭ് തിവാരി. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിവാരി തിളങ്ങുക കൂടി ചെയ്തതോടെ കിഷന്‍ രണ്ടാം മത്സരത്തിലും പുറത്തിരുന്നു. ഒടുവില്‍ മൂന്നാം മത്സരത്തില്‍ ലഭിച്ച അവസരം അക്ഷരാര്‍ഥത്തില്‍ മുതലെടുത്ത കിഷന്‍, എതിരാളികളുടെയും ഹൃദയം കവര്‍ന്നാണ് തിരിച്ചുകയറിയത്.

മത്സരത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (40 പന്തില്‍ 54), ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 52), എ.ബി. ഡിവില്ലിയേഴ്‌സ് (24 പന്തില്‍ പുറത്താകാതെ 55) എന്നിവരുടെ അര്‍ധസെഞ്ചുറികള്‍ സമ്മാനിച്ച കരുത്തിലാണ് ബാംഗ്ലൂര്‍ മുംബൈയ്ക്കു മുന്നില്‍ 202 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. രോഹിത് ശര്‍മയും ക്വിന്റന്‍ ഡികോക്കും ഹാര്‍ദിക് പാണ്ഡ്യയും പൊള്ളാര്‍ഡും ഉള്‍പ്പെടുന്ന മുംബൈ ബാറ്റിങ് നിരയ്ക്ക് ഈ സ്‌കോര്‍ അപ്രാപ്യമല്ല എന്ന ചിന്തയിലാണ് ചേസിങ് ആരംഭിക്കുന്നത്.

എന്നാല്‍, മുംബൈയുടെ തുടക്കം പാളി. രണ്ടാം ഓവറില്‍ രോഹിത് ശര്‍മയും (എട്ടു പന്തില്‍ എട്ട്), മൂന്നാം ഓവറില്‍ സൂര്യകുമാര്‍ യാദവും (0) കൂടാരം കയറി. ഇതോടെയാണ് ഇഷാന്‍ കിഷന്‍ ക്രീസിലെത്തുന്നത്. കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ നില്‍ക്കെ ടീമിന്റെ ആണിക്കല്ലുകള്‍ നഷ്ടമായ ഘട്ടത്തില്‍ ഇഷാന്‍ കിഷനു മുന്നിലുള്ള വെല്ലുവിളി തീരെ ചെറുതായിരുന്നില്ല. നേരിട്ട ആദ്യപന്തു തന്നെ ഫോറടിച്ചാണ് കിഷന്‍ തുടങ്ങിയത്. എന്നാല്‍, അധികം വൈകാതെ ക്വിന്റന്‍ ഡികോക്കും (14 പന്തില്‍ 15), ഹാര്‍ദിക് പാണ്ഡ്യയും (13 പന്തില്‍ 15) കാര്യമായ സംഭാവനകള്‍ കൂടാതെ മടങ്ങിയതോടെ 11.2 ഓവറില്‍ നാലിന് 78 റണ്‍സ് എന്ന നിലയിലായി മുംബൈ.

മുംബൈ ആരാധകര്‍ പ്രതീക്ഷ കൈവിട്ട ഘട്ടത്തില്‍ കീറണ്‍ പൊള്ളാര്‍ഡ് ക്രീസിലെത്തിയതോടെയാണ് രംഗം മാറിയത്. കൃത്യമായ ഇടവേളകളില്‍ സിക്‌സറുകള്‍ കണ്ടെത്തിയ ഇരുവരും ചേര്‍ന്നാണ് മത്സരം വീണ്ടും മുംബൈയുടെ വഴിക്കെത്തിച്ചത്. മറുവശത്ത് പൊള്ളാര്‍ഡ് അനായാസം തകര്‍ത്തടിച്ചതോടെ ഇഷാന്‍ കിഷനും ആത്മവിശ്വാസമായി. 39 പന്തില്‍നിന്ന് കിഷന്‍ അര്‍ധസെഞ്ചുറി കടന്നു. അവിടുന്നങ്ങോട്ട് പൊള്ളാര്‍ഡിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച കിഷന്‍ അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 119 റണ്‍സാണ്. അതും വെറും 51 പന്തില്‍!

ശ്രീലങ്കന്‍ താരം ഇസൂരു ഉഡാന എറിഞ്ഞ അവസാന ഓവറില്‍ വിജയത്തിലേക്ക് 19 റണ്‍സ് വേണ്ടിയിരിക്കെ തുടര്‍ച്ചയായി രണ്ടു സിക്‌സ് നേടി കിഷന്‍ 99 റണ്‍സിലെത്തിയതാണ്. പക്ഷേ, അര്‍ഹിച്ച സെഞ്ചുറി നേടാനാകാതെ തൊട്ടടുത്ത പന്തില്‍ പുറ്തായി. 58 പന്തില്‍ രണ്ടു ഫോറും ഒന്‍പതു സിക്‌സും സഹിതം നേടിയത് 99 റണ്‍സ്!

തൊട്ടടുത്ത പന്ത് ബൗണ്ടറി കടത്തി പൊള്ളാര്‍ഡ് മത്സരം ടൈയില്‍ എത്തിക്കുകയും ചെയ്തു. ഇന്ത്യന്‍ ജഴ്‌സിയണിയും മുന്‍പേ ഐപിഎലില്‍ താരം നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് കിഷന്റെ 99 റണ്‍സ്. പോള്‍ വാല്‍ത്താട്ടി (പുറത്താകാതെ 120), മനീഷ് പാണ്ഡെ (പുറത്താകാതെ 114) എന്നിവര്‍ മാത്രം മുന്നില്‍.

സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയ്ക്കായി ബാറ്റിങ്ങിനെത്തിയത് പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. ഫോമിലുള്ള കിഷനെ പുറത്തിരുത്തിയത് ഒരു വിഭാഗം ആരാധകരുടെ നെറ്റി ചുളിപ്പിച്ചു. നവ്ദീപ് സെയ്‌നി ബോള്‍ ചെയ്ത ഈ ഓവറില്‍ ഉദ്ദേശിച്ച രീതിയില്‍ റണ്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയ മുംബൈ ഏഴു റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്രയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ താരങ്ങളായ ഡിവില്ലിയേഴ്‌സും വിരാട് കോലിയും ചേര്‍ന്ന് ലക്ഷ്യം നേടുകയും ചെയ്തു.

കളത്തില്‍ സൂപ്പര്‍ ഓവര്‍ അരങ്ങു തകര്‍ക്കുമ്പോള്‍, ആരാധകരുടെ നോട്ടമത്രെയും ഇഷാന്‍ കിഷനിലായിരുന്നു. അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായി ഒറ്റയ്ക്കിരിക്കുന്ന കിഷന്റെ ചിത്രം വൈറലാകുകയും െചയ്തു. അര്‍ഹിച്ച സെഞ്ചുറി നഷ്ടത്തിനൊപ്പം സൂപ്പര്‍ ഓവറില്‍ ടീം മത്സരം കൈവിടുക കൂടി ചെയ്തതോടെ തോറ്റുപോയ പോരാളിയുടെ മുഖഭാവമായിരുന്നു കിഷന്. ‘ഹൃദയം കവര്‍ന്നാണ് നീ മടങ്ങിയതെന്ന’ ആരാധകരുടെ ആശ്വാസ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോഴും ഒന്നുറപ്പാണ്. കിഷന്‍ സെഞ്ചുറി അര്‍ഹിച്ചിരുന്നു. കിഷനുവേണ്ടി മുംബൈ വിജയവും..

pathram:
Leave a Comment