6 വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി

ഡൽഹിയിൽ ആറു വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി രംഗത്ത്. കോടതി ഇടപെടലിനെ തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ ഡൽഹി ഹൈക്കോടതി പരിഗണിക്കും.

പുലര്‍ച്ചെ നാലുമണിക്കും ആറുമണിക്കും ഇടയിലാണ് പിതാവ് മകളെ പീഡിപ്പിച്ചിരുന്നതെന്നാണ് അമ്മയുടെ പരാതി. ഡല്‍ഹിയില്‍ സ്വന്തമായി നടത്തുന്ന ഹോട്ടലിന് ആവശ്യമായ പച്ചക്കറി വാങ്ങാൻ താൻ മാര്‍ക്കറ്റിലേക്ക് പോകുന്ന സമയമാണിതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം ജനുവരി ആദ്യമാണ് പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചത്. സരിത വീഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇവിടെ ഗസ്റ്റ് ഹൗസും ഹോട്ടലും നടത്തുന്ന മലപ്പുറം സ്വദേശിയായ ഭര്‍ത്താവിന് പൊലീസില്‍ ഉന്നത സ്വാധീനമാണെന്നും ആരോപണമുണ്ട്.

ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെയാണ് സാകേത് കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും വൈദ്യപരിശോധനയ്‍ക്കും ഉത്തരവിട്ട കോടതി, കേസെടുക്കാന്‍ വൈകിയ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാല്‍സംഗം ഉള്‍പ്പെടെ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്. കേരളത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്ന് അമ്മ ആരോപിക്കുന്നു.

pathram:
Related Post
Leave a Comment