‘അച്ഛനെ നഷ്ടപ്പെട്ടതാണ് വിഷയം, അജിത് വരാത്തതല്ല’; എസ്പിബിയുടെ മകൻ

അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ സിനിമാ താരം അജിത് പങ്കെടുക്കാത്തതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. എസ്പിബിയുടെ മരണത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ, അജിതിന്റെ അസാന്നിധ്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ചരണിന്റെ പ്രതികരണം.

‘അജിത് വിളിക്കുകയോ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുകയോ ചെയ്തോ എന്ന വിഷയത്തെക്കുറിച്ച് ഞാൻ എന്തിനു മറുപടി പറയണം. അജിത് എന്റെ നല്ല സുഹൃത്താണ്. അച്ഛനുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്റെ നിര്യാണത്തെക്കുറിച്ചുള്ള ദു:ഖത്തിൽ അജിത് പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വഭവനത്തിലിരുന്ന് അദ്ദേഹം അത് ചെയ്യട്ടെ.

അജിത് വിളിച്ചോ, അല്ലെങ്കിൽ സന്ദർശനം നടത്തിയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി എന്നതാണ്. അദ്ദേഹത്തിന്റെ ആരാധകർക്ക് പ്രിയ ഗായകനെയും. അജിത് ഇക്കാര്യത്തിൽ എന്തു ചെയ്തു എന്നതിനെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യമില്ല. എന്തിനാണ് അത് ഇത്ര വലിയ ചർച്ചാ വിഷയമാക്കുന്നത്. അച്ഛന്റെ വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാന്‍ ഞങ്ങൾ കുടുംബാംഗങ്ങൾക്ക് കുറച്ചു സമയം വേണം. ദയവായി അതിന് ഞങ്ങളെ അനുവദിക്കൂ’– എസ് പി ചരൺ പറഞ്ഞു.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നടൻ വിജയ് എത്തിയതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചെത്തിയ അദ്ദേഹം എസ് പി ചരണിനോടും സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment