‘പെണ്ണുങ്ങളുടെ കയ്യീന്ന് കിട്ടിയാലേ അടങ്ങൂ എന്നുണ്ടോ..’

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കു നേരെ അശ്ലീല അധിക്ഷേപം നടത്തിയവർക്കെതിരെ കരി ഓയിൽ പ്രയോഗിച്ച് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ചർച്ചയാകുന്നു. തിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചും കയ്യേറ്റം ചെയ്തുമായിരുന്നു പ്രതിഷേധം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതികരണവുമായി നിരവധിപ്പേർ രംഗത്തെത്തിയിരിക്കുകയാണ്. അഭിഭാഷക ടി.ബി മിനി, സംവിധായകൻ എം.എ നിഷാദ്, നടിയും ആക്ടിവിസ്റ്റുമായ മാലാ പാർവതി എന്നിവർ പ്രതികരിക്കുന്നു.

അഭിഭാഷക ടി.ബി മിനിയുടെ വാക്കുകൾ: ‘കേരളത്തിൽ സ്ത്രീകൾക്കെതിരെ ഇത്തരത്തിൽ മോശമായി പ്രചരണം വലിയ രീതിയിൽ നടക്കുന്നുണ്ട്. ചെറുപ്പക്കാർ പോലും ഇത്തരം പ്രചരണങ്ങൾ നടത്തുന്നു. സമൂഹത്തിലെ സാസ്കാരിക അപചയം ആണിത് വെളിവാക്കുന്നത്. യുട്യൂബ് ചാനലിലൂടെയും, വിഡിയോകളിലൂടെയും സ്ത്രീകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും മാധ്യമ ചർച്ചയ്ക്കടിയിലുമൊക്കെ കൂടി പച്ചത്തെറി പറയുന്നു. ആരും ചോദിക്കാനും പറയാനുമില്ലാത്ത നില. പൊതുബോധമുള്ള സ്ത്രീകൾ പ്രതികരിച്ചതിൽ തെറ്റില്ല. വിഡിയോ കാണുന്നവർക്ക് പരാതി ഇല്ല. ഇതാണ് സമൂഹത്തിന്റെ അപചയം. പ്രതികരിച്ച സ്ത്രീകളുടെ പക്ഷത്ത് തന്നെയാണ്’.

സംവിധായകൻ എം.എ നിഷാദ്: ‘അയാളെപ്പോലെ ഞരമ്പ് രോഗികളുടെ വിഡിയോ കണ്ടിട്ടില്ല. സൈബർ നിയമങ്ങൾ ശക്തമാകണം. എല്ലാ ഓൺലൈൻ ഞരമ്പൻമാർക്കും ഇതൊരു പാഠമാണ്. പക്ഷം പിടിക്കുകയല്ല. ഇത്തരം അശ്ലീലചുവടോയു കൂടി സ്ത്രീകളെ അപമാനിക്കുന്നത് വൃത്തികെട്ട പ്രവണത തന്നെയാണ്. ശക്തമായ നിയമങ്ങൾ വരണം. ആർക്കും ആരെക്കുറിച്ചും എന്ത് വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യമാണ് ഇത്തരം ഞരമ്പുരോഗികൾക്ക് പ്രചോദനം. ആശയപരമായി വിമർശിക്കാം. വ്യക്തിപരമായി തേജോവധം ചെയ്യരുത്. പ്രതിഷേധം സമൂഹത്തിൽ നിന്ന് തന്നെ ഉയരണം’.

മാലാ പാർവതി പറയുന്നു: ‘സൈബർ നിയമങ്ങൾ ആവശ്യത്തിനില്ലാത്തതാണ് പ്രശ്നം. ഓരോ പ്രാവശ്യവും ഇത്തരം പ്രശ്നങ്ങളുണ്ടായി പോകുമ്പോൾ പൊലീസ് പറയുന്നത് നിയമം ഇല്ല എന്നതാണ്. നിയമം ഉണ്ടെങ്കിൽ അത് ഏത് സെക്ഷനാണെന്ന് അറിഞ്ഞാൽ കൊള്ളാം. സ്ത്രീകളെ എന്തും പറയാം എന്നായിരിക്കുന്നു. 2 ലക്ഷത്തിൽ പരം പേർ വിഡിയോ കാണുന്നു. പണമുണ്ടാക്കുന്നു. പൊലീസും മാധ്യമങ്ങളും ഇതിനെക്കുറിച്ച് ചോദിക്കുന്നില്ല. ഭാഗ്യലക്ഷ്മിയെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഞങ്ങളിൽ പലരും കാര്യകാരണമില്ലാതെ അധിക്ഷേപിക്കപ്പെടുകയാണ്. നമുക്ക് മാത്രമാണ് ഇത് വിഷമം ഉണ്ടാക്കുന്നത് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവർ പ്രതിഷേധിച്ചതും തല്ലിയതും. ഞാൻ അവർക്ക് ഒപ്പമാണ്. പെണ്ണുങ്ങളുടെ കയ്യിന്ന് അടികിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിമാനക്ഷതം. ഇനി എല്ലാരും ഒന്നടങ്ങുമായിരിക്കും’.

pathram desk 1:
Related Post
Leave a Comment