കോവിഡ് നിസ്സാരമായി കരുതുന്നവർ അറിയാൻ; മൂന്നാഴ്ച മുതൽ ആറു മാസംവരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ സമ്മാനിക്കുന്നത്

മാസങ്ങൾ നീണ്ടുനിൽക്കുന്ന കോവിഡ്. ചുമ്മാ വന്നിട്ട് പോട്ടെയെന്ന് ധരിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട് നമ്മുടെ ചുറ്റും. അത്തരക്കാർ നിർബന്ധമായും അറിഞ്ഞിരിക്കണം. പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് കോവിഡ്-19ന്റെ ചില രോഗലക്ഷണങ്ങൾ ഏതാണ്ട് 20 ശതമാനം ആൾക്കാർക്ക് ദീർഘനാൾ നീണ്ടു നിൽക്കുന്നുവെന്നാണ്. അതായത് ദീർഘനാൾ നിൽക്കുന്ന കോവിഡ് അല്ലെങ്കിൽ ‘ലോങ്ങ് കോവിഡ്. ‘

80 ശതമാനം ആൾക്കാർക്കും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗം മാറുമ്പോൾ 20 ശതമാനത്തിന് പലതരത്തിലുള്ള രോഗലക്ഷണങ്ങൾ മൂന്നാഴ്ച മുതൽ ഏതാണ്ട് ആറു മാസം വരെ നീണ്ടുനിൽക്കാം എന്നാണ് പഠനങ്ങൾ.

ഷോർട്ട് കോവിഡ് അല്ലെങ്കിൽ ഹ്രസ്വ കാല കോവിഡിന് വിരുദ്ധമായി ചില രോഗലക്ഷണങ്ങൾ ഇത്തരക്കാർ കൂടുതൽ കാട്ടുന്നു.

അതികഠിനമായ ക്ഷീണം: 90% പേർക്കും ഈ രോഗലക്ഷണമാണ് ഏറ്റവും ശക്തമായി കാണപ്പെട്ടത്. ചില ദിവസങ്ങളിൽ പൂർണമായും ഭേദമായെന്ന് തോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കഠിനമായ ക്ഷീണം ഇവരെ വീണ്ടും ബാധിക്കുന്നു. സ്ത്രീകളിലാണ് ഇത് അമിതമായി കാണുന്നത്. പ്രായാധിക്യമുള്ള ആൾക്കാരിലും

.മറ്റ് രോഗമുള്ള ആൾക്കാരിലും ‘ലോങ്ങ് കോവിഡ്’ കൂടുതൽ കാണുവാൻ സാധ്യതയുണ്ട്.

തലവേദന, ചുമ, നെഞ്ചിലെ ഭാരം, മണം നഷ്ടപ്പെടൽ, വയറിളക്കം, ശബ്ദവ്യത്യാസം തുടങ്ങിയവയും കാണാറുണ്ട്.

ആദ്യത്തെ അഞ്ചു ദിവസങ്ങളിൽ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസം മുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ശക്തമായി നിൽക്കുന്ന ആൾക്കാർക്ക്‌ ലോങ്ങ് കോവിഡ് അല്ലെങ്കിൽ ദീർഘകാല കോവിഡ് വരാനുള്ള സാധ്യത കൂടുമെന്നാണ് നിഗമനം.

മറ്റു രോഗമുള്ളവരിൽ പ്രത്യേകിച്ച് ഹൃദ്രോഗം ഉള്ളവരിൽ ‘ലോങ്ങ് കോവിഡ് ‘ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അതായത് ജലദോഷപ്പനിയല്ലേ, വെറുതെ വന്നു പോട്ടെ എന്ന് ധരിക്കുന്ന ആൾക്കാർ ഇത് അറിഞ്ഞിരിക്കണം. മരണസാധ്യത അര ശതമാനത്തിനു താഴെ ആണെങ്കിലും, നിങ്ങളിൽ 20 ശതമാനം പേർക്ക് മൂന്നാഴ്ചയിൽ തുടങ്ങി ആറു മാസത്തിലേറെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ തുടർച്ചയായി പിന്തുടരാം.

കൂടുതൽ പഠനങ്ങൾ വരുമ്പോൾ മാത്രമേ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ദൂഷ്യവശങ്ങൾ ഉണ്ടോയെന്ന് അറിയുകയുള്ളൂ.

അതുകൊണ്ടുതന്നെ വന്നിട്ട് പോട്ടെയെന്ന ധാരണ തീർത്തും തെറ്റാണ്. തൽക്കാലം മാസ്കും ശാരീരിക അകലവും കൈകളുടെ ശുചിത്വവും തന്നെയാണ് നമ്മുടെ വാക്സീൻ. സമീകൃത ആഹാരം, നല്ല ഉറക്കം, കൃത്യമായ വ്യായാമം,

മികച്ച മാനസികാരോഗ്യം എന്നിവ രോഗപ്രതിരോധശേഷി കൂട്ടുന്ന അത്ഭുത മരുന്നും.

‘ഷോർട്ട് കോവിഡും’ ‘ലോങ്ങ് കോവിഡും’ നമുക്ക് വരാതിരിക്കട്ടെ.

pathram desk 1:
Related Post
Leave a Comment