സിനിമാതാരങ്ങളുടെ ലഹരി പാര്‍ട്ടി; കൂടുതല്‍ അറസ്റ്റ്, 150 പേര്‍ നിരീക്ഷണത്തില്‍, പരിശോധിക്കുന്നത് പതിനായിരത്തോളം ഫോണ്‍വിളികള്‍

ബെംഗളൂരു: സിനിമാതാരങ്ങള്‍ പങ്കെടുത്ത ലഹരിപ്പാര്‍ട്ടികളിലേക്ക് മയക്കുമരുന്നെത്തിച്ച മുന്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍ പ്രതീക് ഷെട്ടിയെയും(32) ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന വിരണ്‍ ഖന്നയുടെ സഹായി ആദിത്യ അഗര്‍വാളിനെയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.

നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതീക് ഷെട്ടിയെ അറസ്റ്റുചെയ്തത്. ലഹരിക്കേസിലെ 15-ാമത്തെ പ്രതിയാണ് പ്രതീക് ഷെട്ടി.

ഹരിയാണ സ്വദേശിയായ ആദിത്യ അഗര്‍വാളിന് ലഹരിമരുന്ന് എത്തിക്കുന്നതിലും പാര്‍ട്ടികള്‍ നടത്തുന്നതിലും പ്രധാന പങ്കുണ്ട്. രവിശങ്കര്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത് പ്രതീക് ഷെട്ടിയില്‍നിന്നായിരുന്നു. ഇയാള്‍ക്ക് കേരളത്തിലെ മയക്കുമരുന്നുസംഘവുമായി ബന്ധമുണ്ട്. കേരളം, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതോടെ സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 2018-ലെ മയക്കുമരുന്ന് കേസില്‍ മൂന്ന് വിദേശികളോടൊപ്പം പ്രതീക് ഷെട്ടിയും പ്രതിയായിരുന്നു.

ഈ കേസില്‍ 2019-ല്‍ ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടത്തില്‍ സജീവമാകുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2010-ല്‍ ബെംഗളൂരുവിലെത്തിയ പ്രതീക് ഷെട്ടി ഐ.ടി. കമ്പനിയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായിരുന്നു.

അറസ്റ്റിലായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ നടിമാരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 150 പേരെ നിരീക്ഷിക്കുന്നുമുണ്ട്. ഇവരുടെ 10000- ത്തോളം ഫോണ്‍വിളികള്‍ പരിശോധിക്കുകയാണ്. ഒരു വര്‍ഷത്തെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ലഹരിപ്പാര്‍ട്ടികളുടെ വീഡിയോദൃശ്യങ്ങളും ഇതിലുള്‍പ്പെടും. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തും സിനിമാനിര്‍മാതാവുമായ ശിവപ്രകാശ്, അന്തരിച്ച മുന്‍മന്ത്രി ജീവരാജ് അല്‍വയുടെ മകന്‍ ആദിത്യ അല്‍വ, അരൂര്‍ സ്വദേശി നിയാസ് മുഹമ്മദ്, നടി സഞ്ജനയുടെ സുഹൃത്ത് രാഹുല്‍, രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ എന്നിവരാണ് ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചതിലെ പ്രധാനികള്‍.

രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് ലഹരിപ്പാര്‍ട്ടികളിലേക്ക് കൂടുതലാളുകളെ എത്തിച്ചത്. അതിനിടെ, സഞ്ജന ഗല്‍റാണിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ശാസ്ത്രീയതെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണിത്. മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും തെളിവില്ലാതെ തന്നെ ബലിയാടാക്കിയതാണെന്നും സഞ്ജന ഗല്‍റാണി പറഞ്ഞു.

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുടെ പോലീസ് കസ്റ്റഡി ബെംഗളൂരു സെഷന്‍സ് കോടതി സെപ്റ്റംബര്‍ 14 വരെ നീട്ടി. മറ്റ് പ്രതികളായ രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, സഞ്ജനയുടെ സുഹൃത്ത് രാഹുല്‍ ഷെട്ടി, അരൂര്‍ സ്വദേശി നിയാസ് മുഹമ്മദ്, ആഫ്രിക്കക്കാരന്‍ ലോം പെപ്പര്‍ സാംബ എന്നിവരുടെ കസ്റ്റഡിയും തിങ്കളാഴ്ചവരെ നീട്ടി.

ലഹരിമരുന്ന് കേസില്‍ ഉന്നതബന്ധമുണ്ടെന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മൂന്നുദിവസത്തേക്കുകൂടി കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കി. നിംഹാന്‍സിന് കീഴിലുള്ള വനിതാകേന്ദ്രത്തില്‍വെച്ചാണ് രാഗിണിയെയും സഞ്ജനയെയും ചോദ്യംചെയ്യുന്നത്.

pathram:
Leave a Comment