സ്‌പെഷ്യൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളോട് ചിന്മയ വിദ്യാലയ സ്‌കൂളുകളുടെ പ്രതികാര നടപടി. ഒറ്റ ദിവസം കൊണ്ട് 200 ഓളം വിദ്യാർത്ഥികളെയാണ് ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത്. പാലക്കാട്ടെ തത്തമംഗലം, കൊല്ലങ്കോട് സ്‌കൂളുകൾക്കെതിരെ ചിറ്റൂർ പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി.
സ്‌പെഷ്യൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞാണ് ഒറ്റയടിക്ക് 200 ഓളം വിദ്യാർത്ഥികളെ രണ്ട് സ്‌കൂളുകൾ ഒറ്റയടിക്ക് ഓൺലൈൻ പഠനത്തിൽ നിന്ന് പുറത്താക്കിയത്. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒറ്റയടിക്കാണ് ഇത്രയും വിദ്യാർത്ഥികളെ രാത്രിയില്‍ റിമൂവ് ചെയ്തത്. അതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദത്തിലായി.
ദുരിത കാലത്തും തുടരുന്ന ചൂഷണത്തിനെതിരെ കൂട്ടപ്പരാതിയുമായി തത്തമംഗലം, കൊല്ലങ്കോട് ചിന്മയ വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തുവന്നു. ട്യൂഷൻ ഫീസിന് പുറമേ ഭീമമായ തുക ടേം ഫീസ് എന്ന പേരിൽ കൂടി ഈടാക്കുകയാണ് ഈ സ്‌കൂളുകൾ എന്നാണ് ആരോപണം. ചെറിയ കുറവെങ്കിലും വരുത്തണമെന്ന് നിരന്തരം അഭ്യർത്ഥിച്ചെങ്കിലും അതൊന്നും തന്നെ സ്‌കൂൾ മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. പരാതി സ്വീകരിച്ച ചിറ്റൂർ പൊലീസ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി.
Leave a Comment