വധുവും യുവാക്കളും തമ്മിൽ തെരുവിൽ കൂട്ടത്തല്ല്; ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിഡിയോ- വൈറൽ

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിവസങ്ങളിലൊന്നാണ് വിവാഹ ദിവസം. ആ ദിവസത്തെ ഏറ്റവും സന്തോഷകരവും ആവേശകരവുമാക്കി മാറ്റാനാണ് വ്യക്തികളും അവരുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ശ്രമിക്കുന്നതും ഒരുക്കങ്ങള്‍ നടത്തുന്നതും. ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കാന്‍ ഒരു സന്തോഷ ദിവസം. എന്നാല്‍, ബ്രിട്ടനില്‍ അടുത്തിടെ വിവാഹിതയായ ഒരു യുവതി വിവാഹ ദിവസം ഓര്‍ത്തിരിക്കാന്‍ പോകുന്നത് സന്തോഷത്തിന്റെ പേരിലല്ല. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സമ്മാനങ്ങളുടെയും പേരിലല്ല. ചടങ്ങില്‍ എത്തിയ പ്രിയപ്പെട്ടവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങള്‍ ഓര്‍ത്തുമല്ല. പകരം ഒരു വഴക്കിന്റെ പേരില്‍. അതും ഒട്ടും അനിവാര്യമില്ലാത്ത, അങ്ങേയറ്റം അനാവശ്യമായ ഒരു വഴക്കിന്റെ പേരില്‍.

വിവാഹ വേഷം ധരിച്ച യുവതി തെരുവില്‍ അപരിചിതരായ വ്യക്തികള്‍ക്കൊപ്പം കെട്ടിമറിഞ്ഞ് വഴക്കുണ്ടാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം ലോകം അറിഞ്ഞത്. നല്ലൊരു ഏറ്റുമുട്ടലല്ലാതെ മറ്റെന്താണ് വിവാഹ ദിവസം ഓര്‍ക്കാനുണ്ടാകുക എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ കണ്ട് ചിരിക്കണോ കരയണമോ എന്നറിയാത്ത മാനസികാവസ്ഥയിലാണ് പലരും.

സൗത്ത് വെയില്‍സില്‍ സ്വാന്‍സീയില്‍ ഒരു റഗ്ബി ക്ലബിനു സമീപമാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. സോ ഡാലിമോര്‍ എന്ന വധുവും നവവരന്‍ ഡാലിമോറും കൂടി വിവഹച്ചടങ്ങിനുശേഷം വീട്ടിലേക്കു മടങ്ങുമ്പോള്‍. പിന്നീട് സോ ഡാലിമോര്‍ തന്നെ നടന്നതെന്താണെന്ന് വിശദീകരിച്ചതോടെയാണ് സംഭവം വ്യക്തമായത്.

‘ അതൊരു സന്തോഷകരമായ ദിവസമായിരുന്നു. എന്റെ വിവാഹ ദിവസം. രാത്രി 10.30 ന് ഞാനും ഭര്‍ത്താവും കൂടി വിവാഹത്തിനുശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. കഷ്ടിച്ചു 10 മിനിറ്റിന്റെ യാത്ര മാത്രമേയുള്ളൂ. അതുകൊണ്ട് വിവാഹവേഷത്തില്‍ നടക്കാമെന്നുതന്നെ ഞങ്ങള്‍ വിചാരിച്ചു.

നടന്നുതുടങ്ങിയ ഞങ്ങള്‍ ക്ലബിനു പുറത്ത് കൂട്ടം യുവാക്കള്‍ കൂടി നിന്ന് വഴക്കുണ്ടാക്കുന്നതു കണ്ടു. അവര്‍ ആരാണെന്നോ എന്തിനാണ് വഴക്കുണ്ടാക്കുന്നതെന്നോ എനിക്ക് അറിയില്ല. ആ ദിവസത്തെ സന്തോഷത്തിനു മുറിവേല്‍പിക്കുന്ന ഒന്നും അന്ന് ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു നടന്നുപോകുന്നതിനിടെ, വഴക്കുണ്ടാക്കാതെ പിരിഞ്ഞുപോകാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു- സോ പറയുന്നു.

എന്നാല്‍ വിഡിയോയില്‍ സോ ഒരു യുവാവിനൊപ്പം നിലത്ത് വീണുകിടന്ന് മല്‍പ്പിടുത്തം നടത്തുന്ന ദൃശ്യമാണുള്ളത്. താന്‍ വഴക്ക് ഉണ്ടാക്കിയതല്ലെന്നും ആളുകളെ പിരിച്ചുവിടാന്‍ മാത്രമാണ് ശ്രമിച്ചതെന്നുമാണ് സോ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. പലരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി കമന്റിട്ടപ്പോള്‍ ചിലരരെ സംഭവം അങ്ങേയറ്റം രസിപ്പിക്കുകയാണുണ്ടായത്.

pathram desk 1:
Related Post
Leave a Comment