വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടി; സാംസങ്ങിന്റെ അവസാന ഫാക്ടറിയും പൂട്ടുന്നു

അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഓഹരി വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടി. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള ഉപരോധം പ്രഖ്യാപിച്ചാൽ സ്ഥിതി ദയനീയമാകുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

അമേരിക്കൻ കമ്പനികൾ ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നൽകരുതെന്ന ഉത്തരവ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. റോയിട്ടേഴ്സ് റിപ്പോർട്ട് ശരിയാകുകയാണെങ്കിൽ പ്രോസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാമെന്ന ചൈനയുടെ സ്വപ്‌നത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിന് ചിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ അവസാന പ്രതീക്ഷയായിരുന്നു എസ്എംഐസി.

അമേരിക്കൻ പ്രതിരോധ വകുപ്പിനെ കേന്ദ്രമാക്കിയിറങ്ങുന്ന ഇത്തരം വാർത്തകൾക്കെതിരെ രൂക്ഷ പ്രതികരണമാണ് ചൈന നടത്തുന്നത്. നീതിയില്ലാത്ത പീഡനമാണിതെന്ന് ചൈന തുറന്നടിച്ചു. കുറച്ചു കാലമായി ദേശീയ സുരക്ഷ എന്നു പറഞ്ഞ് ചൈനയെ എതിര്‍ക്കുകയായിരുന്നു അമേരിക്ക ചെയ്തുവന്നത്. ഇപ്പോഴവര്‍ ചൈനീസ് കമ്പനികള്‍ക്കു നേരെ തിരിഞ്ഞിരിക്കുകയാണെന്നും വിദേശകാര്യ വകുപ്പു പറയുന്നു. എസ്എംഐസിയും ചൈനീസ് സേനയും തമ്മിലുള്ള ബന്ധം അമേരിക്ക അന്വേഷിച്ചുവരികയാണ്. ചൈനയ്ക്കു സാധനങ്ങളും സാങ്കേതികവിദ്യയും നല്‍കുന്ന അമേരിക്കക്കാരല്ലാത്ത കമ്പനികള്‍ക്കും വിലക്കു ബാധകമാക്കാനുള്ള ശ്രമവും അമേരിക്ക നടത്തുന്നു. അങ്ങനെ വന്നാല്‍, ജപ്പാന്‍, നെതര്‍ലൻഡ്സ് തുടങ്ങിയ രാജ്യങ്ങളും അമേരിക്കയോടു കൂറു കാണിച്ച് ചൈനീസ് കമ്പനികളോടുള്ള ബന്ധം അവസാനിപ്പിച്ചേക്കും.

കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്ങിന്റേതായി ഇനി ഒരേയൊരു ടിവി ഫാക്ടറിയേ ചൈനയിലുള്ളു. അത് നവംബറില്‍ പൂട്ടുകയാണെന്നാണ് കമ്പനിയുടെ വക്താവ് അറിയിച്ചിരിക്കുന്നത്. ടിയാന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇലക്ട്രോണിക്‌സ് ടിവി എന്ന നിര്‍മാണ കേന്ദ്രമാണ് അടയ്ക്കാന്‍ പോകുന്നത്. ഏകദേശം 300 ജോലിക്കാരാണ് ഇവിടെയുള്ളത്.

pathram desk 2:
Leave a Comment