ലഹരി മരുന്ന്: റിയയുടെ മൊഴിയിൽ 25 ബോളിവുഡ് താരങ്ങൾക്ക് കുരുക്ക്; കേസ് ഉന്നതങ്ങളിലേക്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തി അറസ്റ്റിൽ. മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടിയെ അറസ്റ്റ് ചെയ്തത്. സുശാന്തിനോപ്പം ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന ആരോപിക്കുന്ന 25 ബോളിവു‍ഡ് താരങ്ങള്‍ക്ക് സമന്‍സ് നല്‍കും. അതേസമയം, ലഹരിക്ക് അടിമയായ ഒരാളെ പ്രണയിച്ചതാണ് റിയ ചെയ്ത കുറ്റമെന്ന് അഭിഭാഷകൻ പ്രതികരിച്ചു.

സുശാന്തിന്‍റെ മരണത്തില്‍ സൂപ്പര്‍ വില്ലനായി ചിത്രീകരിക്കപ്പെടുകയും മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിന്‍തുടരുകയും ചെയ്‍ത 28കാരിയായ ബോളിവുഡ് നടി ഒടുവില്‍ എന്‍സിബിയുടെ കുരുക്കില്‍. എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും 60 മണിക്കൂറിലധികം ചോദ്യം ചെയ്‍തിട്ടും നടക്കാതിരുന്ന അറസ്റ്റ് ലഹരിവിരുദ്ധ ഏജന്‍സിക്ക് 20 മണിക്കൂര്‍കൊണ്ട് സാധിച്ചു.

സുശാന്തിന്‍റെ സഹോദരിമാര്‍ക്കെതിരെ റിയയുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്. നാര്‍കോട്ടിക് ഡ്രഗ്‍സ് & സൈക്കോട്രോപിക് സബസ്‍റ്റന്‍സസ് നിയമത്തിലെ സെക്ഷന്‍ 8, 20 (ബി), 27(എ), 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിക്കല്‍, കൈവശംവെക്കല്‍, വില്‍പ്പന, ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക, കുറ്റകരമായി ഗൂഢാലോചന. ലഹരിമരുന്ന് കടത്തല്‍ എന്നിവയാണ് കുറ്റങ്ങള്‍. പത്ത് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

സുശാന്തിനൊപ്പം 25 ബോളിവുഡ് താരങ്ങള്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിയയും കസ്റ്റഡിയിലുള്ള സഹോദരന്‍ ഷോവിക്കും മൊഴിനല്‍കിയത്. ബോളിവുഡിലെ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് എന്‍സിബി അറിയിക്കുന്നത്. കേസിനെ ബിഹാര്‍ തിരഞ്ഞെടുപ്പിലെ പ്രധാന ആയുധമാക്കി എന്‍ഡിഎ അവതരിപ്പിക്കുന്നതിനിടയിലാണ് നടിയെ അറസ്റ്റ് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്. അന്വേഷണം റിയയിലേക്ക് മാത്രം ഒതുങ്ങുന്നുവെന്നും കുടുംബത്തിന്‍റെ പങ്ക് അന്വേഷിക്കാത്തത് രാഷ്ട്രീയതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment