കോവിഡ് 19 പശ്ചാത്തലത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പിടികൂടിയത് 5.10 കോടി രൂപയ്ക്ക് തുല്യമായ സ്വർണം. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി ജൂൺ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയ്ക്ക് തുല്യമായ 423 ഗ്രാം സ്വർണം എയർ കസ്റ്റംസ് പിടികൂടുന്നത്.
തുടർന്ന് ഇന്നലെ വരെ വന്ദേഭാരത് മിഷൻ ഫ്ലൈറ്റ് വഴിയും ചാർട്ടേഡ് ഫ്ലൈറ്റ് വഴിയും 10.145 കിലോ സ്വർണം പിടിച്ചെടുത്തു. 13 കേസുകളിൽ ആയി ഇതുവരെ അറസ്റ്റിൽ ആയത് 18 പേർ. പിടിയിലായ 13 പേരും കാസർകോട് സ്വദേശികൾ. സ്വർണക്കടത്തിന് അറസ്റ്റിൽ ആയവരിൽ മിക്കവരും വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തുന്ന യുവാക്കൾ ആണ്.
ഒരു തവണ സ്വർണം കടത്താൻ ഇവർക്ക് 7500 രൂപ മുതൽ 15000 രൂപയും സൗജന്യ ടിക്കറ്റുമാണ് ലഭിക്കുന്നതെന്നാണു സൂചന. അറസ്റ്റിലായവർ പിഴ അടച്ച് ആൾ ജാമ്യത്തിൽ പുറത്തിറങ്ങും. കണ്ണൂരിൽ സ്ത്രീകളെ പരിശോധിക്കാൻ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പരിശോധനയിൽ പഴുതുണ്ടെന്ന വിമർശനവുമുണ്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50.42 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വർണം എയർ കസ്റ്റംസ് പിടികൂടി. ഇന്നലെ വെളുപ്പിന് 1.40ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാനായ മാഹി പന്തക്കൽ സ്വദേശിയായ എൻ.പി.റാഷിദ് ആണ് 1120 ഗ്രാം സ്വർണവുമായി അറസ്റ്റിൽ ആയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം അടിവസ്ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പി.സി.ചാക്കാ, വി.പി.ബേബി, നന്ദകുമാർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
• ലോക്ഡൗണിലെ ആദ്യ കേസ് – ജൂൺ 26
• ഇതുവരെ ആകെ കേസുകൾ–13
• ആകെ അറസ്റ്റിലായവർ –18
• ആകെ പിടികൂടിയ സ്വർണം– 10.145 കിലോഗ്രാം
• ഏറ്റവും കൂടുതൽ സ്വർണം കടത്താൻ ശ്രമിച്ചത്–ജൂലൈ 12ന്(2.5 കിലോഗ്രാം)
Leave a Comment