ചൈനീസ് ഭീഷണി വേണ്ട, യുദ്ധത്തിനും മടിക്കില്ല

ഹോങ്കോങ് : ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ യുഎസ്എസ് ഹാൽസീ ഞായറാഴ്ച തയ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ചപ്പോൾ അമേരിക്ക ‌വ്യക്തമാക്കിയത് തങ്ങൾ തയ്‌വാനൊപ്പംതന്നെ എന്നാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടമാണ് ചൈനയുടെ മുഖത്തടിക്കുംപോലെ ഹാൽസീ തയ്‌വാൻ കടലിടുക്കിലെത്തിയത്. തയ്‌വാന്റെ പേരിലുള്ള ചൈനയുടെ വിരട്ടലുകൾക്കു പുല്ലുവിലയാണ് തങ്ങൾ കൊടുക്കുന്നതെന്നും വേണ്ടിവന്നാൽ ബലപ്രയോഗത്തിനു മടിയില്ലെന്നും ഇതിലൂടെ യുഎസ് വ്യക്തമാക്കുന്നു.

അതേസമയം, യുഎസ് നാവികസേനയുടെ ഒരു നിരീക്ഷണ വിമാനം തായ്‌ലൻഡിൽ ഞായറാഴ്ച ഇറങ്ങിയെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് യുഎസ് നേവിയുടെ പബ്ലിക് അഫയേഴ്സ് ഓഫിസർ കമാൻഡർ കമാൻഡർ റീൻ മോംസെൻ വ്യക്തമാക്കി. പക്ഷേ, ഓഗസ്റ്റ് 18 ന് ഒരു യുഎസ് വിമാനം തയ്‌വാനിൽ ഇറങ്ങിയിരുന്നുവെന്ന ആരോപണത്തോടു പ്രതികരിക്കാൻ അവർ തയാറായില്ല. എന്നാൽ യുഎസ് നാവികസേനാ വിമാനം തയ്‌വാനിലിറങ്ങിയതും തങ്ങളോടുള്ള വെല്ലുവിളിയായാണ് ചൈന കണക്കാക്കുന്നത്.

ഇതു കൂടാതെ, റൊണാൾഡ് റീഗൻ യുഎസ് പ്രസിഡന്റ് ആയിരിക്കെ തയ്‌വാൻ ഭരണകൂടത്തിന് നയതന്ത്ര പിന്തുണ നൽകി തയാറാക്കിയ ആറ് ഉറപ്പുകൾ യുഎസ് തിങ്കളാഴ്ച പുറത്തുവിട്ടു. തയ്‌വാനുമായി യുഎസിനു സ്വതന്ത്രമായ ബന്ധമാണെന്നും തയ്‌വാന്റെ കാര്യത്തിലുള്ള ചൈനീസ് ഇടപെടലുകളെ അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് അവ.

1. തയ്‌വാനുമായി ആയുധ ഇടപാടു നിർത്തുന്നതിന് യുഎസ് തീയതി നിശ്ചയിച്ചിട്ടില്ല.
2. തയ്‌വാനുമായുള്ള ആയുധ ഇടപാടിന് ബെയ്ജിങ്ങിൽനിന്ന് മുൻകൂർ അനുമതി തേടുന്നതിന് യുഎസിന് സമ്മതമല്ല.
3. ബെയ്ജിങ്ങും തയ്‌വാനുമായുള്ള ബന്ധത്തിൽ മധ്യസ്ഥതയ്ക്ക് യുഎസ് സമ്മതം അറിയിച്ചിട്ടില്ല.
4. തയ്‌വാൻ റിലേഷൻസ് ആക്ട് പരിഷ്കരിക്കുന്നതിന് യുഎസ് സമ്മതം അറിയിച്ചിട്ടില്ല.
5. തയ്‌വാനുമേൽ പരമാധികാരമെടുക്കുന്ന ഒരു സാഹചര്യത്തിനും യുഎസ് സമ്മതം അറിയിച്ചിട്ടില്ല.
6. ബെയ്ജിങ്ങുമായി ഒത്തുതീർപ്പിലെത്താൻ യുഎസ് ഒരിക്കലും തയ്‌വാനുമേൽ സമ്മർദ്ദം ചെലുത്തില്ല.

യുഎസ് കാബിനറ്റ് സെക്രട്ടറി അലക്സ് അസർ തയ്‌വാനിലെത്തിയതും ചൈനയെ അസ്വസ്ഥരാക്കുന്നുണ്ട്. ദശകങ്ങൾക്കു ശേഷമാണ് യുഎസ് ഭരണകൂടത്തിലെ ഉയർന്ന പദവിയിലുള്ള ഒരാൾ തയ്‌വാനിലെത്തുന്നത്. തയ്‌വാനു ശക്തമായ പിന്തുണയെന്ന പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ സന്ദേശമാണ് അസറിന്റെ സന്ദർശനം.

എന്നാൽ 2.4 കോടിയോളം ജനസംഖ്യയുള്ള തയ്‌വാനുമേൽ ഇപ്പോഴും അധികാരമുണ്ടെന്ന നിലപാടാണ് ചൈനയ്ക്ക്. ചൈനയിലെ ആഭ്യന്തര യുദ്ധത്തിനു പിന്നാലെ തയ്‌വാൻ സ്വയം പിരിഞ്ഞു പോന്നെങ്കിലും അതു അംഗീകരിച്ചുകൊടുക്കാൻ ചൈന തയാറായിട്ടില്ല. വർഷങ്ങളായി തുടർന്നുപോന്ന ‘തൽസ്ഥിതി’ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഭരണകൂടത്തിനുകീഴിൽ മാറുകയായിരുന്നു.

യുഎസ് പുറത്തുവിട്ട ‘റീഗന്റെ ഉറപ്പുകൾ’ തയ്‌വാനു നല്ലതിനാവില്ലെന്നാണ് ചൈനയുടെ ഭീഷണി. തയ്‌വാനെന്ന ദ്വീപുരാഷ്ട്രം തങ്ങളുടേതാണെന്ന അവകാശവാദത്തിൽ ഇപ്പോഴും ചൈന ഉറച്ചുനിൽക്കുകയാണ്. മാത്രമല്ല, ഔദ്യോഗിക സ്വാതന്ത്ര്യമെന്ന ആവശ്യം അവിടെ ഉയരുമ്പോൾ സൈനിക നടപടിയെന്ന ഭീഷണിയും ചൈന ഉയർത്താറുണ്ട്. യുഎസ് ഡീക്ലാസ്സിഫൈ ചെയ്ത ആറ് ഉറപ്പുകൾ ‘നിയമവിരുദ്ധവും പ്രാബല്യത്തിൽ ഇല്ലാത്തതു’മാണെന്നാണ് ചൊവ്വാഴ്ച ചൈനീസ് സർക്കാരിന്റെ തയ്‌വാൻകാര്യ വിഭാഗം വക്താവ് മാ സിയാഒഗുവാങ് പറഞ്ഞത്. സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിക്കുന്ന തയ്‌വാനെ ഈ ആറ് ഉറപ്പുകൾ ദുരന്തത്തിലേക്കു നയിക്കുമെന്നും സിയാഒഗുവാങ് പറഞ്ഞു.

തയ്‌വാനെയും അവരോട് നയതന്ത്ര അടുപ്പം പുലർത്തുന്നവരെയും ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നിലപാടിനെ തള്ളിക്കളയുന്നുവെന്നും ഏതു സാഹചര്യത്തിലും തയ്‌വാന് എല്ലാ അർഥത്തിലുമുള്ള പിന്തുണ നൽകുന്നുവെന്നുമുള്ള സന്ദേശമാണ് അമേരിക്കയുടേത്. അസറിന്റെ സന്ദർശനവും വിമാനമിറങ്ങിയതും തയ്‌വാനുള്ള പിന്തുണപ്രഖ്യാപനമാണെങ്കിൽ തയ്‌വാൻ കടലിടുക്കിലെ ഹാൽസീയുടെ സാന്നിധ്യം, വേണ്ടിവന്നാൽ ഒരു കയ്യാങ്കളിക്കു മടിയില്ലെന്ന് ചൈനയ്ക്കുള്ള യുഎസിന്റെ താക്കീതു കൂടിയാണെന്നു രാജ്യാന്തര രാഷ്്ട്രീയ നിരീക്ഷകർ പറയുന്നു.

pathram desk 1:
Leave a Comment