പബ്ജിയും പോയി; പകരം എന്ത്?

ടിക് ടോക്കിനെ പോലെ തന്നെ പബ്ജി മൊബൈലിന്റെ നിരോധനവും രാജ്യത്തെ ഗെയിമിങ് ആപ്പുകൾക്കിടയിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നുറപ്പ്. കാരണം രാജ്യത്ത് ഒന്നാമതായി നിന്നിരുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനാണത്.

യൂസർ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് പബ്ജിയുടെ നിരോധനത്തിന് കാരണമായത്. യുവാക്കൾക്കിടയിൽ ആസക്തി സൃഷ്ടിക്കുന്നുവെന്നും മാനസിക പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നുമുള്ള ആരോപണങ്ങളും ഏറെ കാലമായി പബ്ജിക്ക് നേരെ ഉയരുന്നുണ്ട്.

പബ്ജിയോട് വിപണിയിൽ ശക്തമായ മത്സരം നടത്തിയിരുന്ന ഗെയിമുകളാണ് കോൾ ഓഫ് ഡ്യൂട്ടിയും, ഫോർട്ട് നൈറ്റും. എപിക് ഗെയിംസുമായുള്ള തർക്കത്തെ തുടർന്ന് ഫോർട്ട്നൈറ്റ് ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും അടുത്തിടെ പിൻവലിച്ചിരുന്നു.

ഇനി പബ്ജിയോളം വരുന്ന ഗെയിമായി ലഭ്യമായത് കോൾ ഓഫ് ഡ്യുട്ടി മാത്രമാണ്. മറ്റ് ഗെയിമുകൾ ബാറ്റിൽ റൊയേൽ വിഭാഗത്തിൽ പെടുന്നവയാണെങ്കിലും കെട്ടിലും മട്ടിലും പിന്നിൽ തന്നെയാണ്. എങ്കിലും പബ്ജിയ്ക്ക് പകരക്കാരായി ഇവരെ പരിഗണിക്കാം.

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ: ബാറ്റിൽ റോയേൽ വിഭാഗത്തിൽ പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ ഏതിരാളിയാണ് കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ. ആൻഡ്രോയിഡ്, ഐഓഎസ് ഫോണുകളിൽ ഇത് ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 10 കോടിയിലേറെ പേർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഷാഡോ ഗൺ ലെജന്റസ്: മാഡ് ഫിംഗർ ഗെയിംസ് വികസിപ്പിച്ച ഗെയിം ആണ് ഷാഡോ ഗൺ ലജന്റ്സ്. ഉയർന്ന ഗ്രാഫിക്സുള്ള ഈ ഗെയിമിൽ തോക്കുപയോഗിച്ചുള്ള പോരാട്ടമാണ്.

ബാറ്റിൽ പ്രൈം ഓൺലൈൻ- പബ്ജിയ്ക്ക് സമാനമായ ഗ്രാഫിക്സ് അനുഭവം നൽകുന്ന ഗെയിമുകളിൽ ഒന്നാണ് ഇത്. ഐഓഎസ് ആൻഡ്രോയിഡ് പതിപ്പുകൾ ലഭ്യമാണ്.

ഇൻഫിനിറ്റി ഓപ്സ്-SCI FI – മികച്ച ഗ്രാഫിക്സുള്ള ഒരു സയൻസ് ഫിക്ഷൻ ഷൂട്ടർ ഗെയിം ആണിത്. പബ്ജിയുടെ ആൻഡ്രോയിഡ്, ഐഓഎസ് ഫോണുകളിൽ ലഭ്യമായ മറ്റൊരു പകരക്കാരൻ.

ജെറെന ഫ്രീ ഫയർ : ആൻഡ്രോയിഡ്, ഐഓഎസ് ഫോണുകളിൽ ലഭ്യമായ സർവൈവൽ ഷൂട്ടർ ഗെയിം ആണ് ഇത്. 10 മിനിറ്റ് ദൈർഘ്യമുള്ള ഈ ഗെയിമിൽ കളിക്കാർക്ക് പരസ്പരം പോരാടാം.

pathram desk 2:
Leave a Comment