ഞങ്ങൾ എങ്ങനെ ജീവിക്കും, ജീവനും ഭീഷണി: വീട്ടിൽ നിന്നുള്ള വിഡിയോയുമായി റിയ ചക്രവർത്തി

തന്റെ ജീവനും കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയുണ്ടെന്ന് നടി റിയ ചക്രവർത്തി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിലേയ്ക്കു കയറി വരുന്ന അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിെയ മാധ്യമങ്ങൾ വളയുന്ന വിഡിയോയും നടി പോസ്റ്റ് ചെയ്തു.

‘ഇതാണ് എന്റെ വീടിന്റെ പുറത്തെ അവസ്ഥ, ആ കയറി വരുന്നത് എന്റെ അച്ഛൻ ഇന്ദ്രജിത്ത് ചക്രവർത്തിയാണ്. അദ്ദേഹം മുൻ ആർമി ഓഫിസർ കൂടിയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ വീടുവിട്ട് പുറത്തുപോകേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിലൂടെയാണ് കടന്നുവരുന്നത്.’

‘എന്റെ ജീവനും കുടുംബാംഗങ്ങൾക്കു നേരെയും ഭീഷണിയുണ്ട്. ഇക്കാര്യം പറഞ്ഞ് അടുത്തുള്ള ലോക്കൽ പൊലീസിലെത്തി പരാതി പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജൻസികളെ ഇക്കാര്യം ധരിപ്പിച്ചു. അവരിൽ നിന്നും നടപടി ഇല്ല. ഞങ്ങൾ എങ്ങനെ ജീവിക്കും. സുരക്ഷ മാത്രമാണ് ആവശ്യപ്പെടുന്നത്. അതും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നതിന് വേണ്ടി. മുംബൈ പൊലീസ് , നിങ്ങൾ ദയവായി ഞങ്ങൾക്കു സംരക്ഷണം നൽകണം, എങ്കിൽമാത്രമാണ് േകസില്‍ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ കഴിയൂ.’–റിയ കുറിച്ചു.

അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് റജിസ്റ്റർ ചെയ്തതെന്നാണ് സൂചന.

റിയയുടെ വാട്സാപ് ചാറ്റിൽ നിന്ന് ലഹരി ഉപയോഗം, കടത്ത് എന്നിവയെക്കുറിച്ച് സൂചന ലഭിച്ചതോടെയാണിത്. ചാറ്റിൽ പരാമർശിക്കുന്ന ജയ ഷാ, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, സുശാന്തിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരെയും ചോദ്യം ചെയ്യും.

റിയയ്ക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷിക്കവെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) ലഹരി ഇടപാടു സംശയങ്ങൾ സിബിഐയെയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെയും അറിയിച്ചത്. സുശാന്തിന് റിയ ലഹരിമരുന്നു നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ സംശയം.

അതിനിടെ, സുശാന്തിന്റെ മൃതദേഹം കാണാൻ റിയയ്ക്കു മോർച്ചറിയിൽ അനധികൃതമായി പ്രവേശനം അനുവദിച്ചതിന് കൂപ്പർ ആശുപത്രി അധികൃതർക്ക് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരെ സിബിഐ വിശദമായി ചോദ്യം ചെയ്യും. സുശാന്തിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനിയിൽ നിന്ന് തുടർച്ചയായ ആറാം ദിവസവും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.

pathram desk 1:
Related Post
Leave a Comment