സുശാന്തിന്റെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു; ഉള്ളില്‍ ചെന്ന വിഷാംശം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാക്കി

ന്യൂഡല്‍ഹി: ബോളവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ ആരോപണങ്ങളുമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി വീണ്ടും. സുശാന്തിന്റെ ഉള്ളില്‍ ചെന്ന വിഷാംശം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നത് വരെ പോസ്റ്റുമാര്‍ട്ടം മനപ്പൂര്‍വ്വം വൈകിപ്പിച്ചു എന്നാണ് പുതിയ ആരോപണം. പോസ്റ്റുമാര്‍ട്ടം വൈകിപ്പിച്ചവരെയും പിടികൂടണമെന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

കൊലപാതകികളുടെ നീചമായ മാനസീകാവസ്ഥയാണ് ഇതിലൂടെ വെളിയായതെന്നും പോസ്റ്റുമാര്‍ട്ടം താമസിപ്പിച്ചതിനെ തുടര്‍ന്ന് വയറ്റില്‍ ചെന്ന വിഷം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ദഹനരസത്തിനൊപ്പം അലിഞ്ഞു ചേര്‍ന്നു. നേരത്തേ തന്നെ സുശാന്തിന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യ അല്ലെന്നും വിവാദ പ്രസ്താവന നടത്തിയ സ്വാമി സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്ന ആദ്യ രാഷ്ട്രീയ നേതാവ് കൂടിയാണ്.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുന്ന സിബിഐ റിയാ ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ എന്നിവരെ ചോദ്യം ചെയ്യും. ഇക്കാര്യത്തിനായി സിബിഐ സംഘം മുംബൈയില്‍ എത്തിയിട്ടുണ്ട്. മിറാന്‍ഡയെ നേരത്തേയും സിബിഐ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ റിയയെയും ഏറ്റവും അടുപ്പമുള്ളവരെയും ചോദ്യം ചെയ്യും. നേരത്തേ സുശാന്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സന്ദീപ് ശ്രീധറിനെയും സാന്താക്രൂസിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയിട്ട് അഞ്ചു ദിവസമായിരിക്കുകയാണ്.

pathram:
Leave a Comment