തിരുവനന്തപുരം വിമാനത്താവള കൈമാറ്റം അടിയന്തരമായി സ്‌റ്റേ ചെയ്യില്ല; വാദം കേള്‍ക്കാന്‍ കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കൈമാറ്റം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഹര്‍ജി സെപ്തംബര്‍ 15ന് പരിഗണിക്കും.

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചത്. ഇത് നിരസിച്ച കോടതി, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത മാസം ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് ഹാജരാക്കാമെന്നും വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത്.

ഇതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പിന്. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് കേന്ദ്ര തീരുമാനം. തിരുവനന്തപുരത്തിനു പുറമെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യ വത്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

pathram:
Related Post
Leave a Comment