ഇസ്തംബുളിലേക്ക് സ്ഥലംമാറി പോകേണ്ടി വരും; കള്ളക്കഥ പറഞ്ഞ് സ്വപ്‌ന സ്‌പേസ് പാര്‍ക്കിലെത്തി

യുഎഇ കോൺസുലേറ്റിന്റെ ചട്ടപ്രകാരം തനിക്ക് ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞാണു സ്വപ്ന സുരേഷ് പുതിയ ജോലിക്കായി എം. ശിവശങ്കറിന്റെ ശുപാർശയോടെ സ്പേസ് പാർക്ക് ഉദ്യോഗസ്ഥരെ സമീപിച്ചതെന്നു വ്യക്തമായി. അച്ഛനു സുഖമില്ലാത്തതിനാൽ തിരുവനന്തപുരത്തു തന്നെ നിൽക്കേണ്ടതുണ്ടെന്നാണ് പറഞ്ഞത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12നാണ് സാമ്പത്തിക ക്രമക്കേടിനു കോൺസുലേറ്റിൽ നിന്നു പുറത്താകുന്നതിനു മുന്നോടിയായി സ്വപ്ന നോട്ടിസ് കാലാവധിയിൽ പ്രവേശിച്ചത്. ഇതേ സമയത്താണ് സ്പേസ് പാർക്ക് അധികൃതരുടെ അടുത്തു ജോലി തേടിച്ചെന്നത്. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ട് കൃത്യം ഒരു മാസം തികയുമ്പോഴായിരുന്നു ഇത്. പുറത്താക്കപ്പെട്ട സ്വപ്നയ്ക്കു കോൺസുലേറ്റ് നൽകിയ ഗുഡ് സർവീസ് സർട്ടിഫിക്കറ്റിന്റെ ആധികാരികതയും ദുരൂഹമാണ്.

അതേസമയം വിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയില്‍ യു.എ.ഇയിലെ റെഡ്‌ക്രെസന്റ് ഉള്‍പ്പെട്ടിട്ടില്ലാത്തതു സംസ്ഥാനത്തിനു തിരിച്ചടിയാകും. ആരോപണത്തെത്തുടര്‍ന്നു സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് 2018-ല്‍ നീക്കിയ ഷൈന്‍ എ. ഹക്കിനെ നിയമം മറികടന്നു ചീഫ് സെക്രട്ടറിക്കു തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായി നിയമിച്ചതു സംബന്ധിച്ച് അന്വേഷണം വരും.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അന്നത്തെ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സൂചന. കേന്ദ്രം അറിയാതെ കോണ്‍സ്യുലേറ്റിനെ മറയാക്കി കള്ളക്കടത്തു നടത്താന്‍ ഉന്നതര്‍ ഷൈനിനെ വിനിയോഗിച്ചെന്നാണ് സംശയം. അതിനാല്‍ ഇദ്ദേഹം വീണ്ടും അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയനാകേണ്ടിവരും.

2010-ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് അനുസരിച്ച് 109 സംഘടനകളില്‍നിന്നും അവയുടെ ഉപ സംഘടനകളില്‍നിന്നുമാണ് സംസ്ഥാന സര്‍ക്കാരിനും വിവിധ ഏജന്‍സികള്‍ക്കും ധനസഹായം സ്വീകരിക്കാന്‍ അനുമതിയുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള ധനസഹായത്തിന്റെ പരിധിയില്‍ വരുന്നതല്ല ഇത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള 34 സംഘടനകളില്‍നിന്നും വിവിധ ധനകാര്യ കമ്മിഷനുകളില്‍നിന്നും പത്തു പരിസ്ഥിതി സംഘടനകളില്‍നിന്നും പണം എഫ്.സി.ആര്‍.എ. അക്കൗണ്ടിലൂടെ സ്വീകരിക്കാന്‍ കഴിയും. പന്ത്രണ്ട് സ്‌പെഷെലെസ്ഡ് ഏജന്‍സികളും വിവിധ വേള്‍ഡ് ബാങ്ക് ഗ്രൂപ്പുകളും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

റീജണല്‍ ഡവലപ്‌മെന്റ് ബാങ്കുകള്‍, ഇരുപത്തിഅഞ്ച് രാജ്യാന്തര സംഘടനകള്‍ എന്നിവയും ഇതില്‍പ്പെടും. യു.എ.ഇ. ആസ്ഥാനമായ ഒരു സംഘടനയില്‍ നിന്നും ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കോണ്‍സുലേറ്റിനെ മറയാക്കി ഖുറാന്‍ ഇറക്കുമതി ചെയ്ത ജലീലിന്റെ നടപടി ഇതില്‍നിന്നു വ്യത്യസ്തമാണ്. സംസ്ഥാന പ്രേട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ നികുതി ഒഴിവാക്കി കോണ്‍സുലേറ്റിലൂടെ ഇത്തരം ഇറക്കുമതികള്‍ നടത്താന്‍ പാടില്ല.

pathram:
Leave a Comment